ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗമുക്തി ഉള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 3,780,107 പേര്‍ രാജ്യത്ത് രോഗമുക്തരായതോടെ ബ്രസീലിനെ മറികടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള 29,217,206 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 21,045,856 പേര്‍ കോവിഡില്‍ നിന്ന് മുക്തരായി. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 9,29,066 ആണ്.
ലോകമെമ്പാടുമുള്ള കോവിഡ് ഡാറ്റ സമാഹരിക്കുന്ന ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി 37,80,107 പേര്‍ രോഗമുക്തരായി ഇന്ത്യ ഒന്നാം സ്ഥാനത്തും ബ്രസീല്‍ 3,573,958 രോഗമുക്തിയോടെ രണ്ടാം സ്ഥാനത്തും ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ വീണ്ടെടുക്കല്‍ നിരക്ക് 78 ശതമാനത്തിലെത്തി. പ്രതിദിനം ഉയര്‍ന്ന രോഗമുക്തരുടെ എണ്ണം ഇതില്‍ പ്രതിഫലിപ്പിക്കുന്നു. ‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,512 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 37,80,107 ആണ്. കോവിഡ് കേസുകളും സജീവമായ കേസുകളും തമ്മിലുള്ള അന്തരം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ന് 28 ലക്ഷത്തോളം (27,93,509) എത്തി,’ ആരോഗ്യം മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ആകെ കോവിഡ് -19 കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്ത്യയിലെ മൊത്തം നിലവിലുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം 9,86,598 ആണ്. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 48,46,427 ആണ്.
Post Your Comments