ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി ഹരിവംശ് നാരായണ്‍ സിംഗിനെ തിരഞ്ഞെടുത്തു. ജെ.പി. നഡ്ഡയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ജനതാദള്‍(യു) എം.പിയാണ് ഹരിവംശ്. ശബ്ദവോട്ടോടെയായിരുന്നു തിരഞ്ഞെടുപ്പ്.
പ്രതിപക്ഷത്തുനിന്ന് ആര്‍.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായില്ല. ബിജു ജനതാദൾ ഹരിവംശ് നാരായനെ പിന്തുണച്ചിരുന്നു. തുടര്‍ന്നാണ് ശബ്ദവോട്ടോടെ ഹരിവംശ് നാരായണിനെ തിരഞ്ഞെടുത്തത്. ഹരിവംശ് നാരായണ്‍ സിംഗിനെ അനുമോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു.
പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഏതാനും ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി എം.വി. ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാര്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
3.10-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.18 രാജ്യസഭാംഗങ്ങളാണ് പുതിയതായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ചില എം.പിമാര്‍ കഴിഞ്ഞ മാസം രാജ്യസഭ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
Post Your Comments