കൊല്ലം കുളത്തൂപ്പുഴയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സുഹൃത്തായ അധ്യാപിക രശ്മിയെ (25) പൊലീസ് അറസ്റ്റ് ചെയ്തു.കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ടി.എസ് ഭവനില്‍ ദിനേശിനെയാണ് (25) വെള്ളിയാഴ്ച ഉച്ചയോടെ രശ്മിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ദിനേശ് സുഹൃത്തുക്കള്‍ക്കൊപ്പം ഊണ് കഴിക്കുന്നതിനിടെ രശ്മി ഫോണ്‍ വിളിച്ച് പെട്ടെന്ന് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ ഓട്ടോയിലാണ് ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിനെ തിരിച്ചയച്ചു.രശ്മിയുടെ വീട്ടിലെത്തിയതിന് ശേഷം രശ്മിയെ കയറി പിടിക്കാൻ ശ്രമിച്ചെന്നും തുടർന്ന് രണ്ട് പേരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ രശ്മി ദിനേശിനെ പിടിച്ചുതള്ളുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട് .
കട്ടിലിന്റെ പടിയില്‍ തലയിടിച്ചുവീണ ദിനേശ് മരിച്ചു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടന്നതിന്റെ ഭാഗമായിട്ടാണ് മൃതദേഹം വലിച്ചിഴച്ച് അടുക്കളക്ക് പുറത്തു വരെ എത്തിച്ചതെന്നും രശ്മി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് രശ്മി തന്നെയാണ് വിവരം പരിസരവാസികളെ അറിയിച്ചത്. വീഴ്ചയില്‍ തലയ്‌ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.രശ്മി അയല്‍വാസിയോട് തന്റെ വീട്ടില്‍ പരിചയമില്ലാത്ത ഒരാള്‍ വന്നു കിടക്കുന്നു എന്നാണ് പറഞ്ഞത്.
തുടര്‍ന്ന് അയല്‍വാസിയും മറ്റു നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. ചോദ്യം ചെയ്യലിന്റ ആദ്യ ഘട്ടത്തില്‍ രശ്മി കൊല നടന്നത് നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത രശ്മിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ദിനേശ്. എന്നാല്‍ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. മുറിയില്‍ നിന്നും യുവാവിനെ വലിച്ചിഴച്ച് കൊണ്ടുവന്ന ലക്ഷണങ്ങളുണ്ടെന്നും പോലീസ് പറയുന്നു.
യുവാവിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോറന്‍സിക് പരിശോധനഫലവും മറ്റ് ശാസ്ത്രിയ തെളിവുകളുടെ വിശകലനങ്ങളും എത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും തെളിവെടുപ്പിനുശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ്കുമാര്‍ അറിയിച്ചു.
Post Your Comments