കാസര്‍കോട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി ഖമറുദ്ദീനെതിരായ കേസുകള്‍ വര്‍ധിക്കുന്നു. കാസര്‍കോട്, ചെന്തേര പോലീസ് സ്‌റ്റേഷനുകളിലായി ഒമ്പത് കേസുകളണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 42 ആയി. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എം ഡി എം സി ഖമറുദ്ദീന് പുറമെ മാനേജര്‍മാരായ പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദ്, ടി എം എ മജീദ് എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായാണ് പലരും നല്‍കിയ പരാതിയിലുള്ളത്.
അതേസമയം നിക്ഷേപം സ്വീകരിക്കുന്നതിനായി രൂപീകരിച്ച കമ്പനിയില്‍ നിന്ന് എം.സി കമറുദീന്‍ പ്രതിമാസം നാലര ലക്ഷം രൂപ ശമ്പളം എഴുതി വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രൈവര്‍മാരുടെ ശമ്പളം, പെട്രോള്‍ എന്നീ ഇനങ്ങളില്‍ ഒരു ലക്ഷം രൂപ വേറെയും എടുത്തിരുന്നു. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം കൈപ്പറ്റിയിരുന്ന എട്ട് ഡയറക്ടര്‍മാര്‍ വേറെയുമുണ്ടായിരുന്നു. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം സ്വകാര്യ സമ്പാദ്യത്തിലേക്ക് മാറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഥാപനം തകര്‍ന്നപ്പോള്‍ കമറുദീന്‍ സ്വന്തക്കാരുടെ പണം തിരികെ നല്‍കി. ജില്ലയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിന് ഇരയായവരില്‍ ഭുരിപക്ഷവും.അതിനിടെ കേസില്‍ ലീഗ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച സമവായ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഇരകള്‍ രംഗത്തെത്തിയിട്ടുണ്ട്. എം എല്‍ എക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പുറമെ കേസുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.എം.സി കമറുദീന്‍ ഗുണ്ടകളുമായി എത്തി 25 കിലോ സ്വര്‍ണ്ണം കവര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി തലശേരി മാര്‍ജാന്‍ ജ്വല്ലറി ഉടമ കെ.കെ ഹനീഫ രംഗത്ത് വന്നിരുന്നു.
2007ലാണ് സംഭവം നടന്നത്. അന്ന് മൂന്നരക്കോടി രൂപയോഗം വില വരുന്ന സ്വര്‍ണ്ണമാണ് അത്. സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് പന്ത്രണ്ടര കോടി രൂപ വില വരുമെന്ന് ഹനീഫ വ്യക്തമാക്കിയിരുന്നു.ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിനെ തുടര്‍ന്ന് എം.സി കമറുദീനെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തട്ടിപ്പിനിരയായവര്‍ക്ക് ആറ് മാസത്തിനകം പണം തിരികെ നല്‍കണമെന്ന് കമറുദീനോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments