തിരുവനന്തപുരം: എൻ.ഐ.ഏ.,കസ്റ്റംസ്, ഇ.ഡി. എന്നീ കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്തിൽ നടത്തുന്ന അന്വേഷണത്തിനെതിരെ കേരള സർക്കാരോ അതിന് നേതൃത്വം നൽകുന്ന പാർട്ടിയോ മുന്നണിയോ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര ഏജൻസികൾ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം. അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എൻ.ഐ.ഏ.,കസ്റ്റംസ്, ഇ.ഡി. എന്നീ കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്തിൽ നടത്തുന്ന അന്വേഷണത്തിനെതിരെ കേരള സർക്കാരോ അതിന് നേതൃത്വം നൽകുന്ന പാർട്ടിയോ മുന്നണിയോ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ബംഗാളിലും മറ്റും മമത അന്വേഷണത്തിനു വന്ന കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകവരെ ചെയ്ത അനുഭവമുണ്ടായ രാജ്യമാണിതെന്നോർക്കണം .കേന്ദ്ര ഏജൻസികൾ എല്ലാം പ്രത്യേകിച്ച് ഇഡി, ബി.ജെ.പി. സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മറയില്ലാതെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നറിയാത്തവരല്ല കേരളത്തിലെ ഇടതുപക്ഷം. അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പിന്നെന്തു കൊണ്ട്? കേന്ദ്ര ഏജൻസികളെ ഇനിയിപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിച്ചാൽ പോലും മാദ്ധ്യമ ആഘോഷങ്ങൾക്കും പ്രതിപക്ഷ പുകമറക്കുമപ്പുറം ഇടതുപക്ഷത്തെ ഒന്നും ചെയ്യാനാവില്ല എന്നുറപ്പുള്ളതുകൊണ്ട് . ആരോപണങ്ങളെല്ലാം വ്യാജവും തെരഞ്ഞെടുപ്പു ലക്ഷ്യത്തോടെയുള്ളതുമാണ് എന്ന് ബോദ്ധ്യമുള്ളതുകൊണ്ട് .കൈകൾ ശുദ്ധമാണ് എന്ന ധൈര്യമുള്ളതുകൊണ്ട് .
എന്നാൽ കോൺഗ്രസ് നിലപാടോ? കേരളത്തിന് പുറത്ത് ഇഡിയും സിബിഐയുമൊക്കെ രാഷ്ട്രീയ പകപോക്കലിനുള്ള ആയുധങ്ങൾ.കേരളത്തിൽ വന്നാൽ അവയെല്ലാം വിശുദ്ധ പശുക്കൾ. അവിടെ ഇഡി കേസെടുത്ത് ജയിലിലിട്ടാൽ വലിയ പദവികളിലേക്ക് പ്രൊമോഷൻ. ഇവിടെ വെറുതെ ചോദ്യം ചെയ്താൽ തന്നെ ഉടൻ പദവി ഒഴിയണം.ഈ അവസരവാദം എണ്ണിയെണ്ണി പറയാം.
1. രാഹുൽ ഗാന്ധി:ചിദംബരത്തെ സ്വഭാവഹത്യ നടത്താൻ കേന്ദ്രം ഇ.ഡി., സി.ബി.ഐ. ,മാദ്ധ്യമങ്ങൾ എന്നിവയെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു.
2. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ ഇതേ ഇഡി ചോദ്യം ചെയ്തത് 12 തവണ! ആകെ 70 മണിക്കൂർ !! വാദ്രയെ ചോദ്യം ചെയ്യാൻ ഇ.ഡി.ഓഫീസിൽ കൊണ്ടുവിട്ടത് പ്രിയങ്കാ ഗാന്ധി തന്നെ.
UPA സർക്കാരിൻ്റെ കാലത്തെ പ്രതിരോധ, പെട്രോളിയം ഇടപാടുകളിൽ കോഴ വാങ്ങിയതിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസ് . വാദ്ര കുറ്റവാളിയാണെന്ന് കോൺഗ്രസും കേരളത്തിലെ പ്രതിപക്ഷനേതാവും അംഗീകരിച്ചിട്ടുണ്ടോ?
3. പ്രമുഖ കോൺഗ്രസ് നേതാവ് പി.ചിദംബരത്തെ ഇ.ഡി.ജയിലിലടച്ചത് 105 ദിവസം. കേസിൽ അദ്ദേഹത്തിൻ്റെ മകൻ കാർത്തിയും കൂട്ടു പ്രതി. ജയിലിൽ നിന്നിറങ്ങിയ ചിദംബരത്തെ പ്രവർത്തക സമിതിയംഗമാക്കി ഉയർത്തി. രാജ്യസഭയിൽ തുടർന്നു.മകൻ ലോക്സഭയിലും
4. കർണാടക മുൻ മന്ത്രി ഡി.കെ.ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ആഴ്ചകൾ. പുറത്തിറങ്ങിയപ്പോൾ പി.സി.സി. പ്രസിഡൻ്റാക്കി.
5. അഹമ്മദ് പട്ടേലിനെ ഇ ഡി ചോദ്യം ചെയ്തത് 4 തവണയായി 27 മണിക്കൂർ. രാജ്യസഭാംഗവും മുതിർന്ന നേതാവുമായി തുടരുന്നു.
6. രാജസ്ഥാൻ കോൺഗ്രസ് മന്ത്രി പ്രതാപ് സിങ്ങ് വാസനെ 7 മണിക്കൂർ ഇ ഡി ചോദ്യം ചെയ്തത് ഒരു മാസം മുമ്പ്.( ഓഗ .13, 2020)
രാജിവെച്ചോ?
7. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സഹോദരൻ്റെ വീട് ഇഡി റെയ്ഡ് നടത്തിയതും ചോദ്യം ചെയ്തതും ഈ ജൂലൈ 23 ന്. മുഖ്യമന്ത്രി സമാധാനം പറഞ്ഞോ?
8. കമൽനാഥിൻ്റെ അനന്തിരവനെ 354 കോടിയുടെ അഴിമതിയിൽ അറസ്റ്റ് ചെയ്തു? കമൽനാഥും കോൺഗ്രസും എന്തു പറഞ്ഞു?
9. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദർഹുഡയെ ഇഡി ചോദ്യം ചെയ്തപ്പോഴോ?
10. വാദ്ര മുതൽ ശിവകുമാർ വരെയുള്ളവരെ ഇഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് എന്നു പറഞ്ഞു?
“രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാൻ ഇഡിയെ ഉപയോഗിക്കുന്നു”- കെ.സി.വേണുഗോപാൽ
ഇഡിയും സിബിഐയും ബി ജെ പിയുടെ കളിപ്പാവകൾ
ഇവ രണ്ടും Dirty Tricks Department
– പറഞ്ഞത് കോൺഗ്രസ് വക്താവ് സുർ ജേവാല
ഇനി ബി.ജെ.പിയുടെ കാര്യം
1. ഭൂമി- ഖനി അഴിമതിക്കേസിൽ പ്രതിയായി ജയിലിൽ കിടന്ന യെദ്യൂരപ്പയെ കേസ് നിലനിൽക്കേ വീണ്ടും മുഖ്യമന്ത്രിയാക്കി.
2. ബെല്ലാരിയിലെ റെഡ്ഡി സഹോദരൻമാരെ 16500 കോടിയുടെ ഖനി അഴിമതിക്കേസിൽ പ്രതികളാണെന്നു കണക്കിലെടുക്കാതെ മന്ത്രിയാക്കി. പിന്നീട് അന്വേഷണം എങ്ങുമെത്താതെ കിടക്കുന്നു.
3. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ അഴിമതി കേസിൽ പ്രതിയായിട്ടും രാജ്യസഭാംഗമാക്കി.
4. ഇപ്പോൾ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കേ രാജിവെക്കേണ്ടി വന്ന ഭൂമി – ജലവൈദ്യുത പദ്ധതി അഴിമതി കേസ് അട്ടിമറിക്കപ്പെട്ടു.
5. വ്യാപം അഴിമതിക്കേസിൽ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെതിരായ അന്വേഷണം നിർവീര്യമാക്കുകയും CBI ക്ലീൻ ചിറ്റ് കൊടുക്കുകയും ചെയ്തു.
6. ബി.ജെ.പി തന്നെ ഉന്നയിച്ച ലൂയിസ് ബർഗർ അഴിമതിയിൽ പ്രതിയായ ഹിമന്ത ബിശ്വാസ് ശർമ്മ പിന്നീട് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ എത്തി ആസ്സാം മുഖ്യമന്ത്രിയായതോടെ അന്വേഷണം ആവിയാക്കി.
7. ശാരദചിട്ട് ഫണ്ട് കേസിലെ പ്രതി മുകുൾ റോയ് തൃണമുൽ വിട്ട് ബി.ജെ.പി.യിൽ ചേർന്നതോടെ ആ അന്വേഷണവും എങ്ങുമെത്താതെ നീളുന്നു.
ഇങ്ങനെയുള്ള കോൺഗ്രസും ബി.ജെ.പി.യുമാണ് വെറും ചോദ്യം ചെയ്യലിൻ്റെ പേരിൽ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂത്ത് നടത്തുന്നത്. ഇപ്പോൾ അറ്റാഷെ ചിത്രത്തിലില്ല. മുഖ്യ പ്രതി ഫൈസൽ ഫരീദിനെ ഇതുവരെ വിട്ടുകിട്ടാത്തതിൽ ആർക്കും പരാതിയില്ല. സ്വർണത്തിൻ്റെ സ്വീകർത്താവും അയച്ചവനും ആരെന്ന് ആർക്കും പ്രശ്നമല്ല. നയതന്ത്ര ബാഗേജ് അല്ലെന്നും അറ്റാ ഷെ നിരപരാധിയെന്ന് വാദിച്ച് പൊളിഞ്ഞവരുടെ പങ്കിനെക്കുറിച്ച് അന്വേഷണമില്ല. രക്ഷപ്പെടാൻ ഉപായം പറഞ്ഞു കൊടുത്തവനെ സൂത്രത്തിൽ ഊരിയെടുത്തത് അറിഞ്ഞമട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിൽ ചർച്ചയില്ല. ഇ ഡി വക്കീലിനെ പാതിരായ്ക്ക് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മാറ്റി ‘ പറ്റിയ ‘ആളെ നിയമിച്ചതിൽ വാർത്തയില്ല. എൻ.ഐ.എ യും കസ്റ്റംസും നടത്തുന്ന സ്വർണ്ണക്കടത്ത് അന്വേഷണം ഇ ഡി അന്വേഷണം മാത്രമായി വഴിമാറിയതിലും ‘നിഷ്പക്ഷർക്ക് ‘ സംശയമൊന്നുമില്ല. ഈ കേസിൽ ആകെ അവശേഷിക്കുന്നത് രാഷ്ട്രീയ കോലാഹലം മാത്രം. അത് തെരഞ്ഞെടുപ്പു വരെ തുടരും. അതു വരെ ആട്ടക്കലാശം അരങ്ങു തകർക്കും.
Post Your Comments