നിവിന്‍ പോളിയുടെ വ്യത്യസ്ത പോലീസ് വേഷത്തിലൂടെ ശ്രദ്ധനേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. വയര്‍ലസ് മോഷ്ടിച്ച് അതിലൂടെ പൊലീസുകാരെ മുഴുവന്‍ വട്ടം കറക്കിയ കോബ്രയായി ഈ ചിത്രത്തില്‍ ചിരിയുടെ പൂരം തീര്‍ത്ത താരമാണ് രാജേഷ്. മലയാളികളെ ചിരിപ്പിച്ച ഈ നാടക കലാകാരന്‍ ജീവിക്കാന്‍ വേണ്ടി ഉണക്കമീന്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സിനിമാ ജീവിതത്തിനു കൊറോണ വില്ലനായതോടെയാണ് പുതിയ ജീവിതമാര്‍ഗ്ഗം താരം തേടിയത്.
ആലപ്പുഴയിലെ വളഞ്ഞവഴി കടപ്പുറത്തിട്ട് മീന്‍ ഉണക്കി വില്‍പ്പന നടത്തുകയാണ് രാജേഷ്. കടപ്പുറത്തിന് അടുത്തുള്ള വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. എന്നാല്‍ ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ വീട് നിലം പൊത്തി. അന്നു മുതല്‍ വാടക വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഇപ്പോള്‍ കൊറോണ നല്‍കിയ പ്രതിസന്ധിയില്‍ വരുമാനവും നിലച്ചു.
ചെറിയ വേഷങ്ങളിലൂടെ ജീവിക്കാനുള്ള വരുമാനം സിനിമയില്‍ നിന്നും കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിനെ പോറ്റാനായാണ് ഉണക്കമീന്‍ കച്ചവടം താല്‍ക്കാലിക ജീവനോപാധിയായി സ്വീകരിച്ചതെന്ന് രാജേഷ് പറയുന്നു.
Post Your Comments