സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 3,000വും ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷവും കടന്ന സാഹചര്യത്തിൽ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും കോവിഡിനെതിരായ പോരാട്ടത്തില്‍ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്കായി. എന്നാൽ ലോക് ഡൗണ്‍ മാറി മേയ് 4ന് ചെക്ക്‌പോസ്റ്റുകള്‍ തുറന്നതോടെ മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം പതിയെ വര്‍ധിച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ക്ലസ്റ്റര്‍ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു.
അതേസമയം ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണ്. ആഗസ്റ്റ് 19നാണ് ആകെ രോഗികളുടെ എണ്ണം 50,000 ആയത്. കേവലം ഒരുമാസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം ആയിട്ടുണ്ട്. വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയില്‍ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. അതിനാല്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കോവിഡില്‍ നിന്നും എത്രയും വേഗം നമുക്ക് രക്ഷനേടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments