തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് രാത്രിമുതല്‍ സമരം ആരംഭിക്കും. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്തിന് മന്ത്രി ജലീല്‍ കൂട്ടുനിന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ജലീലിന്‍റേത് ദുരൂഹമായ ഇടപെടലാണെന്ന് ആദ്യം മുതലേ തങ്ങള്‍ ഉന്നയിച്ചിരുന്നതാണെന്നും അതില്‍ സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിവശങ്കരന്‍റെ കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ജലീലിന്‍റെ കാര്യത്തിലും കാണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇഡിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. വിദേശത്തുനിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായാണ് സൂചന.
രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ഇഡിയുടെ ഓഫീസിലെത്തിയത്.
Post Your Comments