മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ, നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. ജാമ്യാപേക്ഷ വിശദമായി കേട്ട ശേഷമാണ് മുംബൈയിലെ കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചത്. ചൊവ്വാഴ്ചയാണ് നടിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. 3 ദിവസം തുടർന്ന ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നുമാണ് റിയയുടെ വാദം. സ്വയം കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്റെ ജീവൻ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിലുണ്ട്. തനിക്കെതിരേ ബലാത്സംഗ, വധ ഭീഷണികളുണ്ട്. മൂന്ന് ഏജൻസികളുടെ അന്വേഷണം മാനസികമായി ഏറെ തകർത്തു. സ്വയം കുറ്റം സമ്മതം നടത്താൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഈ കുറ്റസമ്മതമെല്ലാം താൻ പിൻവലിച്ചതായും റിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.
ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണം. ഇതിൽ റിയയ്ക്കെതിരെ ആത്‍മഹത്യാപ്രേരണക്കുറ്റം സിബിഐ അന്വേഷിക്കുകയാണ്. സുശാന്തിന്റെ 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അന്വേഷിക്കുന്നത്. അതേസമയം, ലഹരി ഉപയോഗവും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല. അറസ്റ്റിനെ സുശാന്തിന്റെ കുടുംബം സ്വാഗതം ചെയ്തിരുന്നു.
Post Your Comments