കാസര്‍കോട്: ജുവലറി നിക്ഷേപ തട്ടിപ്പ് വിവാദത്തില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദീന് ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കും. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി ജി പി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം ഖമറുദീനെതിരെ 14 കേസുകള്‍ കൂടി ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കാസര്‍കോട് ഡി വൈ എസ് പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറാനാണ് സാദ്ധ്യത.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. കാസര്‍കോട് പൊലീസ് മേധാവി ഡി. ശില്പയുടെ കീഴില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറിനാണ് നിലവില്‍ കേസുകള്‍ കൈമാറിയിട്ടുള്ളത്.
ഫാഷന്‍ ഗോള്‍ഡ് കമ്പനിക്ക് വേണ്ടി നിക്ഷേപകരില്‍നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്കിയ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടില്‍ ആരോപിതനായ ട്രസ്റ്റ് ചെയര്മാന് കൂടിയായ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്, മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസടുത്തത്.
800 ഓളം പേര് നിക്ഷേപകരായ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുള്‍പ്പെടെയുള്ള ഏഴ് പേര് നേരത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
Post Your Comments