കൊച്ചി; മുസ്ലീം ലീഗ് മതേതരവേഷം അഴിച്ചുമാറ്റി തീവ്രവാദഗ്രൂപ്പെന്ന നിലയില്‍ അകറ്റിനിര്‍ത്തിയ കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ ധാരണയിലേക്ക് കടക്കുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍.
ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക എന്ന തലക്കെട്ടില്‍ ഒരു സ്വകാര്യമാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെയും, ഹയാ സോഫ്യ മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ചതിനെയും രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കൂടിയായ ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ ലേഖനം.
മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളുമായി തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് പരസ്പര സഹായത്തിന്റെ അന്തര്‍ധാരയുണ്ടെന്ന് കരുതേണ്ടി വരുന്നുവെന്നും ജാഗ്രതാ സമിതി ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയില്‍ ചൂണ്ടിക്കാട്ടി. മലബാര്‍ കലാപം പശ്ചാത്തലമാക്കിയ വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും അക്രമാസക്തമായ മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവിക ഭാഗമല്ലെന്നും ബിഷപ്പ് കരിയില്‍ ഒരു സ്വകാര്യമാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന് മുന്നോടിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിച്ചതില്‍ യാദൃശ്ചികതയുടെ കൗതുകം ബാക്കിനില്‍ക്കുന്നുവെന്നും ലേഖനത്തില്‍ ബിഷപ്പ് പറയുന്നു.
വാരിയംകുന്നനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ എന്ന് ചോദിക്കുന്ന ലേഖനത്തില്‍ ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ലെന്നും പറയുന്നു.കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്.
ഇക്കാലംവരെ തീവ്രവാദികളെന്നു പറഞ്ഞ് പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതല്‍ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം. ഇത്രയുംനാളത്തെ സ്വന്തം ചരിത്രത്തിന്റെ തള്ളിപ്പറയല്‍ ഇവിടെ ഉണ്ട്.
ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്.ഇവര്‍ക്കെല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ പ്രത്യക്ഷത്തില്‍ അഭിപ്രായവ്യത്യാസമുള്ളപ്പോഴും, ഇവര്‍ക്കും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ പരസ്പരസഹായത്തിന്റെ ‘സജീവമായ ഒരു അന്തര്‍ധാര’ നിലനില്ക്കുന്നുവെന്നു കരുതേണ്ടിവരുന്നു.
നേരത്തെ കേരളത്തില്‍ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകകരും അന്തര്‍ധാരയിലാണെന്ന് ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞിരുന്നു. “എല്ലാ നന്മകളുടെയും നാടായിരുന്നു കേരളം. എന്നാല്‍, കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ജാതി, മത, രാഷ്ട്രീയശക്തികള്‍ കേരളത്തിന്റെ സമൂഹമനസില്‍ വലിയ മുറിവുകളുണ്ടാക്കി.
തീവ്രവാദികളുടെ നാടായി കേരളം മാറി. ഐ എസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളമെന്ന് ഐക്യരാഷ്ട്രസഭ വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കേണ്ട ഭരണകൂടം തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുഴലൂത്തു നടത്തുകയാണ്. മാധ്യമങ്ങളെയും സാംസ്കാരിക നായകരെയും മത, രാഷ്ട്രീയ തീവ്രവാദികള്‍ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണ്.”എന്നാണ് ഫാദർ സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞത്.
Post Your Comments