ന്യൂഡല്‍ഹി : ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ വന്‍ ലോകശക്തിയാകുകയാണ്. മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്‍കുന്ന ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോകത്ത് ഈ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നിവയാണു മറ്റു രാജ്യങ്ങള്‍. അടുത്ത 5 വര്‍ഷത്തിനകം ഇന്ത്യ ഹൈപ്പര്‍ സോണിക് മിസൈലുകളും നിര്‍മിക്കും.
ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ആണു തദ്ദേശീയമായ സ്‌ക്രാംജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒഡീഷയിലെ ബാലസോറില്‍ വീലര്‍ ദ്വീപിലെ എ.പി.ജെ. അബ്ദുല്‍ കലാം ടെസ്റ്റിങ് റേഞ്ചില്‍ നിന്ന് അഗ്‌നി മൊബൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ച് പകല്‍ 11.03ന് ആയിരുന്നു വിക്ഷേപണം.
30 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷം എയ്‌റോഡൈനമിക് ഹീറ്റ് ഷീല്‍ഡുകള്‍ വേര്‍പെടുകയും കൃത്യമായി ഹൈപ്പര്‍ സോണിക്കിലേക്കു മാറുകയും ചെയ്തു. സ്‌ക്രാംജെറ്റ് എന്‍ജിന്‍ വളരെ ഉയര്‍ന്ന താപനിലയില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനം വിലയിരുത്താന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍ സജ്ജമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായിരുന്നില്ല. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറ ഹൈപ്പര്‍ സോണിക് വിക്ഷേപിണികളും നിര്‍മിക്കാം.
Post Your Comments