Latest NewsNews

പതിനഞ്ചു മാസമായി ശമ്പളമില്ല; വരുമാനത്തിനായി ഓട്ടോ ഡ്രൈവറായി കർണാടകയിൽ ഒരു ഡോക്ടര്‍

ബെംഗളൂരു: കോവിഡ് 19 വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് കര്‍ണാടക. കര്‍ണാടകയില്‍ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ വരുമാനത്തിനായി ഓട്ടോ ഓടിക്കേണ്ട അവസ്ഥയിലാണ് ബല്ലാരിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍. ബല്ലാരി ശിശുക്ഷേമ ഓഫിസറായിരുന്ന ഡോ.എം.എച്ച്.രവീന്ദ്രനാഥ് (53) ആണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു.

2009-10ല്‍ മികച്ച മെ‍ഡിക്കല്‍ ഓഫിസറായിരുന്നു രവീന്ദ്രനാഥ്. ഇദ്ദേഹത്തിന്റെ ദുരിതം തുടങ്ങിയത് 2018ല്‍. ബെള്ളാരി ജില്ലാ പഞ്ചായത്ത് സിഇഒ ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ‍ സഹപാഠിയെ ദേശീയ ആരോഗ്യ മിഷനു കീഴില്‍ സ്പെഷലിസ്റ്റ് ഡോക്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യാത്തതാണ് ദുരിതങ്ങള്‍ക്കു ഹേതു. ആരോഗ്യ വകുപ്പിന്റെ യോഗങ്ങളില്‍ തുടര്‍ച്ചയായി കുറ്റപ്പെടുത്തുകയും പല തവണയായി കാരണം കാണിക്കല്‍ നോട്ടിസ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് സസ്പെന്‍ഷനിലായി.

2019 ജൂണ്‍ മുതല്‍ ശമ്പളം ലഭിക്കാത്തതാണ് ഓട്ടോ ഓടിക്കാനുള്ള ചിന്തയ്ക്കു പിന്നില്‍. സ്വകാര്യ ക്ലിനിക് തുടങ്ങണമെങ്കില്‍ ലൈസന്‍സിനായി തന്നെ ഉപദ്രവിച്ച ഉദ്യോഗസ്ഥരുടെ അടുത്തുതന്നെ പോകേണ്ടിവരുമെന്നും അവര്‍ ലൈസന്‍സ് തരില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഓട്ടോ ഡ്രൈവറാകാന്‍ തീരുമാനിച്ചതെന്നും രവീന്ദ്രനാഥ് പറഞ്ഞു.

5 ദിവസമായി ദാവനഗെരെയില്‍ സവാരി പോകുന്ന രവീന്ദ്രനാഥിന്റെ ഓട്ടോയുടെ മുന്നില്‍ ഐഎഎസ് ഓഫിസര്‍മാരുടെ ദുര്‍ഭരണമാണ് തനിക്ക് ഈ ഗതി വരുത്തിയതെന്ന് എഴുതിയിട്ടുണ്ട്. അതേസമയം, ഡോക്ടര്‍ ഓട്ടോ ഡ്രൈവറായി മാറിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കുടുംബാരോഗ്യക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവൈദ് അക്തര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button