തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്നു വിവരാവകാശരേഖ. വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്.125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്തെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. കോണ്‍ഗ്രസ് ഒരു കേസിലാണ് പ്രതി.
ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ് 53 പേര്‍. സിപിഎം 46, കോണ്‍ഗ്രസ് 19, മറ്റു പാര്‍ട്ടികള്‍ 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്.
തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
Post Your Comments