ലക്‌നൗ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെ ഒതുക്കല്‍ തുടരുന്നു. ഉത്തര്‍പ്രദേശില്‍ രണ്ടു വര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക അടക്കമുള്ള ഒരുക്കങ്ങളുടെ ചുമതലയില്‍ നിന്ന് സംസ്ഥാന നേതൃത്വത്തെ ഒഴിവാക്കി. മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം ആയിരിക്കും തന്ത്രങ്ങള്‍ മെനയുക.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തില്‍ ടീമിന്റെ രൂപീകരണവും ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്തുള്ള കത്തില്‍ ഒപ്പുവച്ച ജിതിന്‍ പ്രസാദ്, രാജ് ബബ്ബാര്‍ തുടങ്ങിയ സംസ്ഥാനത്തുനിന്നുള്ള നേതാക്കളെ പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം, കത്തിനെ തള്ളിപ്പറഞ്ഞ നിര്‍മ്മല്‍ ഖത്രി, നസീബ് പഠാന്‍ തുടങ്ങിയവര്‍ സമിതിയില്‍ കയറിപ്പറ്റി.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല പ്രിയങ്കയ്ക്ക് നല്‍കിയത്. ചുമതല ലഭിച്ചുവെങ്കിലും യു.പിയില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചതും.
സോണിയ ഗാന്ധി റായ് ബറേലിയില്‍ വിജയിച്ചുവെങ്കിലും കുടുംബത്തിന്റെ അഭിമാന മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ ഗാന്ധി ബിജെപിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ സല്‍മാന്‍ ഖുര്‍ഷിദിന് നറുക്ക് വീഴുന്നതും ഈ ഘട്ടത്തിലാണ്. യു.പിയിലെ ഫറൂഖാബാദില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയിരിക്കുന്ന ഖുര്‍ഷിദ് അലിഗഡ് സ്വദേശിയുമാണ്.
‘ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിന്റെ നേതൃത്വമെന്ന് സല്‍മാന്‍ പറയുന്നു. അത് ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. പ്രതിപക്ഷത്തിനു പോലും. പാര്‍ട്ടിക്ക് അധ്യക്ഷനുണ്ടോ ഇല്ലയോ എന്നത് തന്നെ ആശങ്കപ്പെടുത്തുന്നില്ല, എന്നാല്‍ നയിക്കാന്‍ ഒരു നേതാവ് (രാഹുല്‍ ഗാന്ധി) ഉണ്ടെന്നുള്ളത് തനിക്ക് ആശ്വാസമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇടക്കാല അധ്യക്ഷ പദവി ചോദ്യം ചെയ്ത് അയച്ച കത്തില്‍ ഒപ്പുവച്ച 23 അംഗങ്ങളില്‍ ഉള്‍പ്പെട്ട ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ തുടങ്ങിയവരെ പാര്‍ട്ടി നേതൃത്വ പദവികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കത്തിനെ തള്ളിപ്പറഞ്ഞ ജയ്‌റാം രമേശാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ്. ഗൗരവ് ഗോഗോയ്, റവ്‌നീത് സിംഗ് ബിട്ടു തുടങ്ങിയവരെ ലോക്‌സഭാ ഉപനേതാവും വിപ്പുമായി നിയമിക്കുകയും ചെയ്തിരുന്നു.
സല്‍മാന്‍ ഖുര്‍ഷിദിനൊപ്പം പി.എല്‍ പുനിയ, ആരാധന മിശ്ര, സുപ്രിയ ശ്രീനാതെ, വിവേക് മന്‍സാല്‍, അമിതാഭ് ദുബെ എന്നിവര്‍ മാനിഫെസ്‌റ്റോ കമ്മിറ്റിയില്‍ അംഗമാണ്.
Post Your Comments