ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ നടിയുമായ സഞ്ജന ഗല്‍റാണിയെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കി. നടിയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. മയക്കുമരുന്ന് കൈയില്‍ സൂക്ഷിച്ചെന്ന കുറ്റമാണ് കേസില്‍ രാഗിണി ദ്വിവേദിക്ക് ചുമത്തിയിട്ടുള്ളത്.
മയക്കുമരുന്ന് കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. നടി രാഗിണി രണ്ടാം പ്രതി. നഗരത്തില്‍ ഉന്നതര്‍ക്കായുള്ള ലഹരി പാര്‍ട്ടികളുടെ സംഘാടകന്‍ വിരേന്‍ ഖന്നയാണ് മൂന്നാം പ്രതി. ലൂസിഫറിലൂടെ മലയാളികളുടെ മനംകവര്‍ന്ന വില്ലന്‍ വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയിലുണ്ട്. വ്യവസായി രാഹുല്‍ ആണ് പതിനൊന്നാം പ്രതി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ഇടപാടിന്റെ തെളിവുകള്‍ സിസിബിക്ക് ലഭിച്ചു. ബെംഗളൂരുവില്‍ പിടിയിലായ ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പര്‍ സാംബയ്ക്ക് കന്നഡ സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായും ഇയാള്‍ പലതവണ ഇടപാടുകള്‍ നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലഹരി റാക്കറ്റിന്റെ കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്.
അതേസമയം കേസിലെ മുഖ്യപ്രതിയായ മലയാളി മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ജിംറീന്‍ ആഷിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉടന്‍ അറസ്റ്റ് ചെയ്യും. കേസില്‍ രണ്ടാംപ്രതിയായ കന്നഡ നടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
Post Your Comments