COVID 19KeralaLatest NewsNews

അബ്ദുന്നാസര്‍ മഅദനിക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട് • ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികില്‍സ നല്‍കാന്‍ കേന്ദ്രവും കേരള, കര്‍ണാകട സര്‍ക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

അടിയന്തരമായി വിദഗ്ദ ചികില്‍സ ലഭ്യമാക്കാത്ത പക്ഷം അദ്ദേഹത്തിന്റെ ജീവന്‍ അപകടലായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍, അദ്ദേഹത്തെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികില്‍സ ലഭ്യമാക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. കര്‍ണാടകത്തോടും കേന്ദ്രത്തോടും ഇക്കാര്യം ആവശ്യപ്പെടണം. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധയുടെ സാഹചര്യം ചൂണ്ടിക്കാട്ടി ആവശ്യമായ ചികില്‍സ നല്‍കാതെ താമസസ്ഥലത്തേക്ക് മടക്കി അയയ്ക്കുകയായിരുന്നു.

രാജ്യത്ത് തുല്യത ഇല്ലാത്ത നീതിനിഷേധത്തിന്റെ ഇരയായി അബ്ദുന്നാസര്‍ മഅദനി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ രോഗാവസ്ഥകള്‍ പോലും കണക്കിലെടുക്കാതെ, മനുഷ്യത്വ രഹിതമായ സമീപനം ഭരണകൂടവും കോടതികളും തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് അനന്തമായി നീളുകയാണ്. അദ്ദേഹത്തിന് മതിയായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് ഇത് തടസമാവുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാംഗ്ലൂരില്‍ ചികില്‍സ നടത്തുകയെന്നത് ഫലപ്രദമല്ല. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിച്ച് അദ്ദേഹത്തിന് അടിയന്തര ചികില്‍സ ലഭ്യമാക്കുകയെന്നതാണ് പോംവഴി. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കണം. രാഷ്ട്രീയ, മത, സാസ്‌കാരിക രംഗങ്ങളില്‍ നിന്നും മഅ്ദനിക്കെതിരായ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതികരണങ്ങള്‍ ഉയരണമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button