KeralaLatest NewsNews

ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സി.പി.എമ്മിന്‍റെ രാഷ്ട്രീയ നാടകം- കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപരം • വെഞ്ഞാറമ്മൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തിന്‍റെ പേരില്‍ കേരളത്തിലുടനീളം കോണ്‍ഗ്രസ്സ് നേതാക്കന്മാരെ ആക്രമിക്കാനും, കോണ്‍ഗ്രസ്സിന്‍റെ പാര്‍ട്ടി ഓഫീസുകളും, കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും സ്മൃതിമണ്ഡപങ്ങളുമൊക്കെ തകര്‍ത്ത് അഴിഞ്ഞാടാനും സി.പി.എം ഗുണ്ടകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

വ്യക്തിവൈരാഗ്യത്തിന്‍റെയും വളരെ നാളുകള്‍ക്ക് മുമ്പുണ്ടായ സംഘട്ടനങ്ങളുടെയും ഭാഗമായാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ചെറുപ്പക്കാര്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഈ കൊലപാതകം അങ്ങേയറ്റം അപലപനീയവും, കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്ക വിധത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെന്നുമാണ് കോണ്‍ഗ്രസ്സിന്‍റെ അഭിപ്രായം. എന്നാല്‍ ഈ ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍ ഉത്തരവാദിത്വം ചാരി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എം നേതൃത്വത്തിന്‍റെ നീക്കം കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ വിലപ്പോവില്ലെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും, കൊലപ്പെടുത്തുകയും ചെയ്യുന്ന സംസ്കാരമല്ല കോണ്‍ഗ്രസ്സിന്‍റേത്. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോഴൊക്കെ വ്യവസ്ഥാപിതമായ നിയമ മാര്‍ഗ്ഗങ്ങളിലൂടെ പോരാട്ടം നടത്തി പരമാവധി ശിക്ഷ പ്രതികള്‍ക്ക് വാങ്ങി കൊടുക്കാനാണ് കോണ്‍ഗ്രസ്സ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. അക്രമത്തിന് പകരം അക്രമവും കൊലയ്ക്ക് പകരം കൊലപാതകവും കോണ്‍ഗ്രസ്സിന്‍റെ നയമല്ല.

വെഞ്ഞാറമ്മൂട്ടിലെ ഇരട്ട കൊലപാതകത്തിന്‍റെ മറ പിടിച്ച് കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കാനുള്ള സി.പി.എം നേതാക്കډാരുടേയും മന്ത്രി മാരുടേയും ബോധപൂര്‍വ്വമായ നീക്കം നിലവിലുള്ള കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെയുള്ള ജനവികാരം മറികടക്കാനുള്ള പുതിയ അടവാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും സ്പ്രിംഗ്ളര്‍, മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള തട്ടിപ്പുകളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് ജനങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കുവാനുള്ള പിടിവള്ളിയാണ് വെഞ്ഞാറമ്മൂട്ടിലെ ഇരട്ടകൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് കോണ്‍ഗ്രസ്സിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുതലെടുപ്പ് നടത്താനുള്ള ശ്രമം. ഇത് കേരളത്തിലെ ജനം തിരിച്ചറിയുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കൊലപാതക കേസില്‍ പ്രതികളായി വന്നിരിക്കുന്നവരില്‍ സി.പി.എം പ്രവര്‍ത്തകരും സി.ഐ.റ്റി.യു പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളത് ഇത് രാഷ്ട്രീയ കൊലപാതകമല്ല എന്നതിന് വ്യക്തമായ തെളിവാണ്. ആറ്റിങ്ങള്‍ എം.പി അടൂര്‍ പ്രകാശിനെ വെഞ്ഞാറമ്മൂട്ടിലെ ഇരട്ട കൊലപാതകത്തിന്‍റെ സൂത്രധാരനായി ചിത്രീകരിച്ച് അദ്ദേഹത്തെ തേജോവധം ചെയ്യാനുള്ള നീക്കം സി.പി.എം നേതാക്കډാരുടെ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഇടതുമുന്നണിയുടെ ഉരുക്കു കോട്ടയായ ആറ്റിങ്ങലില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി മണ്ഡലം കോണ്‍ഗ്രസ്സിന് വേണ്ടി തിരിച്ചുപിടിച്ച അടൂര്‍ പ്രകാശിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നുള്ള പ്രചാരണത്തിന് പിന്നിലെന്നും എം.പി പറഞ്ഞു.

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിന്‍റെ പേരില്‍ സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ഒത്താശയോടെ കേരളത്തിലാകമാനം സി.പി.എമ്മിന്‍റെ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അറിയപ്പെടുന്ന വനിതാ ദളിത് നേതാവുമായ ലീനയുടെ മുട്ടത്തറയിലുള്ള വീട് ആക്രമിച്ച് അവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് അങ്ങേയറ്റം പൈശാചികമാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിന്‍റെ പേരില്‍ സി.പി.എം തങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും ആക്രമിക്കുന്നതിന് ബോധപൂര്‍വ്വം പദ്ധതിയിട്ടിരിക്കുന്നതിന്‍റെ തെളിവാണ് ലീനയുടെ വീടിന് നേരെയുണ്ടായിട്ടുള്ള ആക്രമണമെന്നും എം.പി ആരോപിച്ചു.

കഴിഞ്ഞ 4 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട പിണറായിയുടെ മുങ്ങുന്ന കപ്പലില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി സി.പി.എം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒത്താശയോടെ നടത്തുന്ന ഈ അക്രമ രാഷ്ട്രീയം അവസാനിപ്പിച്ച് വെഞ്ഞാറമ്മൂട്ടിലെ ഇരട്ട കൊലപാതകം നിക്ഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും എം.പി ആവശ്യപ്പെട്ടു.

പിണറയി വിജയന്‍റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള കേരളാ പോലീസിന്‍റെ അന്വേഷണം നിക്ഷ്പക്ഷമാവില്ലെന്നും ഈ ഇരട്ട കൊലപാതകത്തിന്‍റെ മുഴുവന്‍ വസ്തുതകളും വെളിച്ചത്ത് കൊണ്ടുവന്ന് പ്രതികള്‍ക്ക് നിയമാനുസൃതമായ ശിക്ഷ ലഭിക്കുവാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ അന്വേഷണം ഏല്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button