KeralaLatest NewsNews

ചുംബനസമര നായികമാരെ മാത്രം നവോത്ഥാന സ്ത്രീകളായി കണ്ടുപോയ വക്കീലിന്റെ കരണത്തേറ്റ അടിയാണ് അവർ നല്കിയ ‘നോ’ : സായി ശ്വേത – ശ്രീജിത്ത് പെരുമന വിവാദത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ്

ഒരു പെൺകുട്ടി നോ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നോ എന്ന് തന്നെയാണ്. സ്ത്രീസുരക്ഷയ്ക്കും തുല്യനീതിക്കും വനിതാമതിലു പണിത കേരളത്തിലാണ്, മതിലു കെട്ടാൻ അഹോരാത്രം ഇഷ്ടിക ചുമന്ന ഒരു പ്രമുഖ വക്കീലിനു ഒരു അദ്ധ്യാപിക പറഞ്ഞ ‘നോ ‘ എന്ന വാക്കിന്റെ അർത്ഥം തിരിച്ചറിയാതെപ്പോയത് എന്നതാണ് ഏറ്റവും വലിയ ട്രാജഡി.

എന്തുതന്നെയായാലും നോ എന്ന് പറഞ്ഞാൽ പിന്നെ അതിനപ്പുറത്തേക്ക് പ്രവർത്തിക്കാൻ മറ്റൊരാൾക്കും അവകാശമില്ല എന്ന നേരർത്ഥത്തിലുറച്ചു നിന്ന സായ് ശ്വേതയും ആണധികാരത്തിന്റെ ആരവവും ആറാട്ടുമായ പെണ്‍വിരുദ്ധത നിറഞ്ഞ ശ്രീജിത്തിന്റെ പോസ്റ്റും ലിംഗരാഷ്ട്രീയത്തിന്റെ സാമൂഹ്യപാഠമായി മാറുകയാണ്. ഒരു സ്ത്രീ അവള്‍ അമ്മയാവട്ടെ, സഹോദരിയാകട്ടെ, മകളാകട്ടെ, സുഹൃത്താകട്ടെ അവളുടെ അരുത് (NO) എന്ന മറുപടിയുടെ അര്‍ഥം അരുതെന്ന് തന്നെയാണെന്നും അതിനു വഴങ്ങുക, കീഴ്‌പ്പെടുക എന്നീ അര്‍ഥതലങ്ങളില്ലെന്നും ആ ‘നോ’ യെ ഇനിയെങ്കിലും നമ്മള്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ട് സായ്ശ്വേതയുടെ പ്രതികരണം.

ലിംഗതുല്യതയ്ക്കും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി അഹോരാത്രം പോരാടുന്നുവെന്ന് വായിട്ടലയ്ക്കുന്ന പെരുമന വക്കീൽ ,ഇന്ത്യൻ വാല്യൂസിനെക്കുറിച്ച് വാതോരാതെ ഗീർവാണം മുഴക്കുന്ന സോഷ്യൽ ആക്റ്റിവിസ്റ്റ് ഒരു സ്ത്രീയെ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് അയാളുടെ പോസ്റ്റുകൾ അടയാളപ്പെടുത്തുന്നു. തനിക്ക് താല്പര്യമില്ലാത്ത ഒരു വിഷയത്തിൽ നോ പറഞ്ഞ ഒരു അദ്ധ്യാപികയെ പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാട്ടാൻ അയാൾക്കെന്താണ് അധികാരം? സായ് ശ്വേത എന്ന അദ്ധ്യാപിക സെലിബ്രിറ്റിയായത് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ രാഷ്ട്രീയപോസ്റ്റുകളിട്ടോ തുണിയുരിഞ്ഞ് പോസ് ചെയ്തോ ഒന്നുമല്ല. മറിച്ച് തന്റെ തൊഴിലിടത്തിലെ കടമയെന്തെന്നും മഹനീയത എന്തെന്ന് തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടിയാണ്. സിനിമയിലഭിനയിക്കാമോയെന്ന വക്കീലിന്റെ ഓഫറോട് പോലും മാന്യമായി നോ പറയുകയാണ് അവർ ചെയ്തത്.

അഹം ബോധം വിവേകത്തെ മറച്ച വക്കീലാവട്ടെ അവരുടെ ആ ‘നോ’യെ പർവ്വതീകരിച്ച് വലിയ വിവാദമാക്കി മാറ്റി. അതിനെ നിയമപരമായി നേരിടാൻ തീരുമാനിച്ച ടീച്ചർ ശരിക്കും പെരുമനയെന്ന വക്കീലിന്റെ കാഴ്ചകളിലെ വൈകല്യം ബോധ്യപ്പെടുത്തിത്തരികയാണ് ചെയ്യുന്നത്. ഇടതിടങ്ങളിലെ കോപ്പിപേസ്റ്റ് – കവിതാമോഷ്ടാക്കളെ മാത്രം ടീച്ചറായി അംഗീകരിക്കുന്ന വക്കീലിന്റെ അധമബോധത്തിനേറ്റ വലിയ അടിയാണ് സായ് ശ്വേതടീച്ചറിന്റെ നോ. ചുംബനസമരനായികമാരെ മാത്രം നവോത്ഥാനസ്ത്രീകളായി കണ്ടുപോയ വക്കീലിന്റെ കരണത്തേറ്റ അടിയാണ് അവർ നല്കിയ ‘നോ’.

സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാകണം എന്ന് സമൂഹം പറയുമ്പോഴും പ്രതികരിക്കുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന നെഗറ്റീവ് നരേഷനാണ് പെരുമനമാരുടെ ഇത്തരത്തിലെ പോസ്റ്റുകൾ. ഒരു പെണ്ണിന്റെ നോ… നഹി… നഥീ’ എന്നീ വാക്കുകൾക്ക് അർത്ഥം അരുത്,വേണ്ട,ഇല്ല എന്നിങ്ങനെയാണെന്ന് പിങ്ക് സിനിമയിൽ അഭിഭാഷകനായ ദീപക് സെയ്ഗാൾ കോടതിയിൽ ഉച്ചത്തിൽ അലറി വിളിക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രമായ ദീപക് സെയ്ഗാളിനെ യഥാർത്ഥ ജീവിതത്തിലെ ദ സോ കോൾഡ് ലോയറായ ശ്രീജിത്ത് പെരുമനയ്ക്ക് ഉൾക്കൊള്ളാനായില്ല.സോഷ്യൽ മീഡിയയിലിരുന്ന് സ്വയം അലക്കിവെളുപ്പിച്ച് പോസ്റ്റിടുന്ന നേരം കൊണ്ട് അനിരുദ്ധ റായ് ചൗധരിയുടെ പിങ്ക് എന്ന ചിത്രം ഒന്ന് കണ്ടു നോക്കൂ വക്കീലേ. സ്ത്രീശാക്തീകരണ മുദ്രവാക്യങ്ങൾ സൈബറിടങ്ങളിൽ വെറുതെ ഒട്ടിക്കുന്നതിനു മുമ്പ് സ്വന്തം മനസാക്ഷിക്കോടതിയെ തുടച്ച് വൃത്തിയാക്കി അവിടെ ഒട്ടിക്കൂ!

shortlink

Related Articles

Post Your Comments

Related Articles


Back to top button