കോഴിക്കോട്: അഡ്വ. ശ്രീജിത് പെരുമനയ്ക്കെതിരെ പരാതിയുമായി ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ടു എന്നാണ് സായ് ശ്വേതയുടെ ആരോപണം. അതേസമയം അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള പ്രതികരണവുമായി അഡ്വ. ശ്രീജിത് പെരുമന രംഗത്തെത്തി. മോശമായ രീതിയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ശ്രീജിത് പെരുമനയുടെ ഫേസ് ബുക്ക് പോസ്റ്റെന്ന് സായി ശ്വേത പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് അഡ്വ. ശ്രീജിത്ത് പെരുമന സായ് ശ്വേതയുമായി ബന്ധപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. പുതുതായി ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയിലേക്ക് സായി ശ്വേതയെ ക്ഷണിച്ചതായും എന്നാല്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പോലും ഉണ്ടാവാത്ത പ്രതികരണമാണ് ടീച്ചറില്‍ നിന്നും അവരുടെ മീഡിയ കമ്പനിയില്‍ നിന്നും തനിക്കുണ്ടായതെന്നും അത് ഫേസ്ബുക്കില്‍ എഴുതുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“സിനിമ ഓഫർ നിരസിച്ചതിന് അപമാനിച്ചു” എന്നൊക്കെ ക്യാപ്ഷ്യനിട്ട് ചില വാർത്തകൾ പറന്നു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ചില വസ്തുതകൾ പറയാതെ വയ്യ….
ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്.
എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത്. ആ അനുഭവങ്ങളും, സോഷ്യൽ മീഡിയയിൽ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറൽ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങൾക്ക് മുൻപ് എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റാണ് അപമാനകരമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ടീച്ചർ പരാതി നൽകിയിട്ടുള്ളത്.
പരാതി നൽകിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയിൽ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകൾ കെട്ടുമ്പോൾ സിനിമയിൽ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികൾ വ്യാഖ്യാനിക്കുക.
അവർക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയിസ്ബുക്കിലുണ്ട് അക്കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയുന്നു.
സിനിമയിൽ അഭിനയിക്കാത്തതിന് അപമാനിച്ചു എന്ന മാധ്യമവാർത്തകൾക്കും, പരാതിക്കാരിക്ക് അപമാനമായി തോന്നിയതുമായ പഴയ പോസ്റ്റ് ഇതോടൊപ്പം #repost ചെയ്യുന്നു. എന്റെ അനുഭവം എന്റെ അഭിപ്രായവും നിലപാടുമാണ് അതിൽ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും റോളില്ല.
#repost
പുതുതായി നിർമ്മാണം ആരംഭിക്കുന്ന സിനിമയിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷത്തിന്റെ കാസ്റ്റിംഗ് ചർച്ച ചെയ്യവേ പെട്ടന്ന് മനസ്സിൽ ഓടിയെത്തിയത് തങ്കു പൂച്ചേ എന്ന ഓൺലൈൻ ക്ലാസിലൂടെ സുപരിചതയായ ഒരു എൽപി സ്കൂൾ ടീച്ചറുടെ മുഖവും ആ തന്മയത്വവുമായിരുന്നു.
അക്കാര്യം നിർമ്മാതാവായ മിനിചേച്ചിയോടും, സംവിധായകനോടും പറയുകയും അവരുടെ താത്പര്യം കൂടെ ആയപ്പോൾ തുടർന്ന് ടീച്ചറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ അടുത്ത സുഹൃത്തും ന്യുസ് 18 കോഴിക്കോട് പ്രതിനിധിയുമായ വിനീഷേട്ടനോട് സംസാരിക്കുകയും അദ്ദേഹം ടീച്ചറുടെ ഫോൺ നമ്പർ തരികയും ചെയ്തു.
ഇനിയാണ് ട്വിസ്റ്റ്.,
ലഭിച്ച വാട്സാപ്പ് നമ്പറിൽ ആവശ്യം അറിയിച്ച് ഒരു സന്ദേശം അയച്ചു. പക്ഷെ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് Vinesh Kumar തന്ന നമ്പറിൽ ടീച്ചറെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ട്രൂ കോളർ ആപ്പ്ലിക്കേഷനിലൂടെ അഡ്വക്കേറ്റ് എന്ന് കണ്ടതിനാലാകാം അവർ ഫോൺ അറ്റൻഡ് ചെയ്തിരുന്നില്ല. കാൾ വെയിറ്റിങ് എന്ന് മറുപടി ലഭിച്ചിരുന്നെങ്കിലും തുടർച്ചയായ കോളുകൾകും മറുപടി ലഭിച്ചില്ല.
ഒടുവിൽ വൈകുന്നേരം ടീച്ചർ തിരിച്ച് വിളിച്ചു. അവരുടെ ശബ്ദത്തിൽ അപരിചിതത്വവും, വക്കീൽ എന്തിനാണ് വിളിക്കുന്നത് എന്ന ഭയവും ഉണ്ടായിരുന്നു.
മറ്റ് പ്രശനങ്ങളൊന്നുമില്ല താങ്കൾ റിലാക്സ് ചെയ്ത ശേഷം സംസാരിച്ചാൽ മതി എന്ന് അറിയിച്ച ശേഷം വിളിച്ചതിനുള്ള കാരണവും, റിക്വസ്റ്റും അറിയിച്ചു. സിനിമയിലേക്കുള്ള ക്ഷണമാണെന്നും താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞുവെച്ചു.
എന്നാൽ സംഗതി പിടികിട്ടിയ ടീച്ചർ ടോൺ തന്നെ മാറ്റി. അതായത് അഭിനയിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അവരുടെ ഡേറ്റുൾപ്പെടെയുള്ള അഭിനയ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒരു പ്രൊഡക്ഷൻ കമ്പനിയാണെന്നും അവർ തീരുമാനിച്ചാൽ അഭിനയിക്കാമെന്നും ടീച്ചർ അറിയിച്ചു. മാത്രവുമല്ല അവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ നമ്പറും തന്നു.
അന്ന് രാത്രി കുത്തിയിരുന്ന് അദ്ദേഹത്തെ വിളിച്ചെങ്കിലും നമ്പർ പോലും നിലവിൽ ഇല്ലായിരുന്നു. ഇക്കാര്യം അപ്പോൾ തന്നെ വാട്സാപ്പിലൂടെ ടീച്ചറെ അറിയിച്ചെങ്കിലും ഗുദാ ഗവ ! മെസേജ് വായിച്ചിട്ടും മറുപടി ഇല്ല. അതേസമയം ആ നേരത്ത് ടീച്ചറുടെ ഭർത്താവിന്റെ മെസേജ് വന്നു എന്താണ് കാര്യം എന്ന് ചോദിച്ചുകൊണ്ട്. അവരോടും ആഗമനോദ്ദേശം അറിയിച്ചു. മൂപ്പരെയും പിന്നീട് ആ പ്രദേശത്ത് കണ്ടിട്ടില്ല.
അടുത്ത ദിവസം അൽപം കടുത്ത പരുക്കൻ ഭാഷയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ ഇല്ലയോ എന്ന് പറയണം എന്ന് ടീച്ചറെ അറിയിച്ചപ്പോൾ വീണ്ടാമതും കമ്പനിയുടെ മറ്റൊരു നമ്പർ തന്നു.
ആ നമ്പറിലേക്കും ഈയുള്ളവൻ വിളിച്ചു. ഫോൺ എടുത്തയാൾ അൽപം ഗൗരവത്തിലായിരുന്നു. കക്ഷി ഫെഫ്ക മെമ്പർ ആണെന്നും ടീച്ചറുടെ എല്ലാ പ്രോഗ്രാമുകളും കക്ഷിയാണ് തീരുമാനിക്കുന്നതിനും അറിയിപ്പ്. മ്മള് മാത്രവുമല്ല സിനിമയുടെ രജിസ്ട്രേഷനും, എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം ഒന്നാലോചൊന്നാലോചിട്ട് പറയാമെന്ന് കക്ഷി.
സ്വാഭാവികം അതാണ് അതിന്റെ രീതി എങ്കിലും സിനിമ രജിസ്ട്രേഷൻ നടത്താൻ കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഫിലിം ചേമ്പറിൽ പോയപ്പോഴുണ്ടായ ചോദ്യങ്ങളേക്കാൾ ഫീകരമായിരുന്നു.. ടീച്ചറുടെ മീഡിയ കമ്പനിയുടെ ഇന്റർവ്യൂ..
അതും സ്വാഭാവികം എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാ വിവരങ്ങളും അയച്ച് നൽകി.
മറുപടിയില്ല ഒന്നര ദിവസം കഴിഞ്ഞപ്പോൾ ഇപ്പൊ തത്കാലം അഭിനയിക്കുന്നില്ല അസൗകര്യമുണ്ട് എന്ന മറുപടി. അതും ഒരു വോയിസ് മെസേജായി. അതും വൈറൽ ടീച്ചറുടെ മീഡിയ കമ്പനി മാനേജർ.
ശുഭം.
ഇതൊക്കെ ഇവിടെ പറഞ്ഞതെന്താണ് എന്നുവെച്ചാൽ…
മലയാള സിനിമയിലെ പല പ്രമുഖ നടീനടന്മാരെയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഇതുവരെ വിളിച്ചപ്പോഴൊക്കെ ഏറെ സന്തോഷത്തോടെയും, വിനയത്തോടെയുമൊക്കെയുള്ള മറുപടിയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയ ഒരു ഹിറ്റ് സിനിമയിലെ നായിക അഞ്ചോ ആറോ പ്രാവശ്യം തിരികെ വിളിച്ച് അവരുടെ കാര്യങ്ങൾ വിനയത്തോടെ സംസാരിച്ചു. അടുത്ത സിനിമയിൽ പ്രതിഫലം നോക്കാതെ സഹകരിക്കുമെന്നും ഉറപ്പ് നൽകി..
ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ വൈറൽ ടീച്ചറെ വിലയിരുത്തുമ്പോഴാണ് വൈറൽ കാലഘട്ടത്തിലെ സെലിബ്രറ്റികളെയും, മാർക്കറ്റിങ്ങുകളെയും ആത്യന്തികമായി കലയെയും നമ്മൾ വിലയിരുത്തേണ്ടത്.
എൺപതിൽ അധികം സിനിമകളിൽ അഭിനയിച്ച ഒരു നടിയെ മാറ്റിയാണ് ടീച്ചറെ കാസ്റ്റ് ചെയ്യാൻ ശ്രമിച്ചത് എന്ന് ചിന്തിക്കുമ്പോഴാണ് “ഫേസ്ബുക്ക്/സോഷ്യൽ മീഡിയ വൈറലും ” യഥാർത്ഥ കലയെയും നമുക്ക് തിരിച്ചറിയാനാകുന്നത്.
ചെലോർടെ ശരിയാകും എന്ന് പറഞ്ഞപ്പോൾ വൈറലായ കുട്ടിയെ പിന്തുടർന്ന് നല്ല എരിവുള്ള കാന്താരിമുളക് കുഞ്ഞിന് നൽകി വീഡിയോ എടുത്ത് വൈറലാകാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ നാട്ടിൽ വൈറൽ ടീച്ചറുടെ പ്രതികരണത്തിൽ ഒട്ടും അതിശയോക്തി ഉണ്ടാകേണ്ടതില്ല.
സിനിമയിലോ, സീരിയലിലോ, നാടകത്തിലോ അഭിനയിക്കണോ വേണ്ടയോ എന്നതൊക്കെ തീർത്തും വ്യക്തിപരമാണ് യാതൊരു സംശയവുമില്ല എങ്കിലും, വൈറലാകുന്ന ദിവസം വരെ ഒരു സാധാരണ എൽപി സ്കൂളിൽ ടീച്ചറായിരുന്ന ഒരാൾ സോഷ്യൽ മീഡിയയുടെ ന്യുജെൻ മാജിക്കിൽ വൈറലായപ്പോൾ പ്രഖ്യാപിച്ച സെലിബ്രറ്റി സ്റ്റാറ്റസ് ഡീലിങ്സ് അത്ഭുതപ്പെടുത്തി.
എന്തായാലും കലയ്ക്കും, കലാകാരന്മാർക്കും അപ്പുറം വൈറലുകാർക്ക് അക്ഷരാർത്ഥത്തിൽ ചാകരയുള്ള സമയമാണിത്.
മമ്മൂക്കയും മോഹൻലാലും ലൊക്കേഷനിൽ വന്നാലും
കാരവാനില്ലാതെ വൈറലുകാർ ലൊക്കേഷനിൽ എത്തില്ല എന്ന് പറഞ്ഞാൽ പോലും അത്ഭുതപ്പെടാനില്ല എന്നർത്ഥം.
എന്റെ അത്തിപ്പാറ വൈറൽ അമ്മച്ചീ അമ്മച്ചിക്ക് നല്ല നമസ്കാരം
എന്തായാലും ആ ടീച്ചറുടെ റോളിലേക്ക് നല്ലൊരു കാസ്റ്റിങ് നടത്തുന്നുണ്ട്. ഒന്ന് പൊളിച്ചടുക്കണം
Post Your Comments