ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ. 120 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ കൂടുതല്‍ സുഖമമാക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളില്‍ തിരികെ എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകളാണ് റെയില്‍വേ ആദ്യം ആരംഭിച്ചത്.
മെയ് ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും തൊഴിലാളികള്‍ പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പ്രത്യേക അനുമതിയോടും കൂടിയാണ് ശ്രമിക് ട്രെയിനുകളുടെ സര്‍വീസ് നടത്തിയത്. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും മറ്റ് അധികൃതരുമായും റെയില്‍വേ അധികൃതര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞാല്‍ നൂറോളം ട്രെയിനുകള്‍ ഓടിക്കും. ഇതിന്റെ തുടര്‍ച്ചയായി ഇരുപത് ട്രെയിനുകള്‍ കൂടി ഓടിക്കും. നിലവില്‍ 230 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതേസമയം സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ പഴയ നിലയില്‍ തുടങ്ങിയിട്ടില്ല.
Post Your Comments