ഹൈദരാബാദ് : പനി ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് മകൻ. ഹൈദരബാദിലെ ഒരു അപ്പാർട്മെന്‍റ് കോംപ്ലക്സ് ഗാർഡായ രമേശ് എന്നയാളാണ് എഴുപതുകാരിയായ അമ്മയുടെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ഫുട്പാത്തിൽ ഉപേക്ഷിച്ചത്.
ബഞ്ജാര ഹിൽസ് മേഖലയിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടക്കാനിറങ്ങിയ ആളുകളാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ സംശയാസ്പദമായ ‘വസ്തു’ കണ്ടത്. പരിഭ്രാന്തരായ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ഡോഗ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കൊലപാതകം ആകും എന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ ഇവരുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്താത്തതിനാൽ യാചകയായ സ്ത്രീ ആകുമെന്ന സംശയം ഉയർന്നു. ആരുടെയോ വീടിന് മുന്നിൽ വീണ് മരിച്ചതാകുമെന്നും അവരാകും ഫുട്പാത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നും സംശയിച്ചു.
എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം പ്രദേശത്തെ ചില ആളുകൾ തന്നെ മൃതദേഹം തിരിച്ചറിഞ്ഞു. ഇവർ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് വയോധികയുടെ മകനായ രമേശിന്‍റെ അടുത്തെത്തിയത്. ചോദ്യം ചെയ്യലിൽ തന്‍റെ അമ്മ ഭാഗീരഥിയുടെ മൃതദേഹം ആണിതെന്നും താന്‍ തന്നെയാണ് ഉപേക്ഷിച്ചതെന്ന് ഇയാൾ സമ്മതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ ആശങ്കയും സാമ്പത്തിക പ്രതിസന്ധിയും മൂലമാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്.
കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പനി ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം പുറത്തറിഞ്ഞാൽ തന്‍റെ ജോലിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ ഭയന്നിരുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതിനാൽ സംസ്കാര ചടങ്ങുകൾക്കായി പണവും ഉണ്ടായിരുന്നില്ല. ഇതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് രമേശ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments