
ചണ്ഡിഗഡ്: നിയമസഭാ സമ്മേളനത്തില്‍ എത്തിയ എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ക്വാറന്റൈനില്‍. ഏഴു ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. വിധാന്‍ സഭയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എമാരായ കുല്‍ബിര്‍ സിംഗ് സിറ, നിര്‍മല്‍ സിംഗ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏകദിന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് കോവിഡ് പരിശോധന വേണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് എംഎല്‍എമാരും ആന്റിജന്‍ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഹാജരാക്കിയത്. ഇതില്‍ ഇവര്‍ നെഗറ്റീവായിരുന്നു. എന്നാല്‍ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ അവര്‍ പോസിറ്റീവ് ആകുകയും ചെയ്തു.
സമ്മേളനം നടക്കുമ്‌ബോള്‍ സിറ മുഖ്യമന്ത്രിയുടെ കാല്‍വണങ്ങുന്നതിന്റെയും അമരീന്ദര്‍ പുറത്തുതട്ടുന്നതിന്റെയും ചിത്രം പുറത്തുവന്നിരുന്നു. എംഎല്‍എമാരുമായി അടുത്തിടപഴകേണ്ടിവന്നതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്. പഞ്ചാബിലെ 29 എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും നിയമസഭാ സമ്മേളനത്തിനു മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments