അത്തം പത്തോണം
ഓണത്തിനു പത്തു നാള്‍ മുന്‍പ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങി. ഓണം കഴിഞ്ഞ് പതിനാറാം നാള്‍ വരുന്ന മകം വരെ ഓണം ആഘോഷിക്കും. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാള്‍ കൂടി രേവതി വരെയെങ്കിലും ഓണാവേശം എത്തിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ കണക്ക് അനുസരിച്ചാണെങ്കിലും ഉത്രാടം തുടങ്ങി നാലു നാള്‍ ഓണം തന്നെ. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കില്‍ മുറ്റത്തു വട്ടത്തില്‍ ചാണകം മെഴുകി അതില്‍ പൂവിടുന്നു.
തുമ്പയാണ് മുന്‍പില്‍
പൂക്കളത്തില്‍ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി ചിലയിടങ്ങളിലുണ്ട്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കള്‍ കൂടി ഉള്‍പ്പെടുത്തും. ഓണപ്പുലരിയില്‍ പത്തു തരത്തിലുള്ള പൂക്കള്‍ കൊണ്ടായിരിക്കും പൂക്കളം. പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കള്‍ കൊണ്ടാണു പൂക്കളം തീര്‍ത്തിരുന്നത്.
ഓണനാളുകളിലെ ഏറ്റവും തിരക്കേറിയ ദിവസം ഉത്രാടമാണ്. അന്ന് തൃക്കാക്കരയപ്പനെ ഒരുക്കണം. ഓണസദ്യയ്ക്കു വേണ്ട പച്ചക്കറികള്‍ അരിഞ്ഞുവയ്ക്കണം. പുത്തനുടുപ്പുകള്‍ തയാറാക്കിവയ്ക്കണം. വീട്ടിലെല്ലാവര്‍ക്കും തിരക്കോടു തിരക്ക്! ശരിക്കുമൊരു ഉത്രാടപ്പാച്ചില്‍!
ഓണസദ്യയൊരുക്കി എല്ലാ വിഭവങ്ങളില്‍ നിന്നും അല്‍പം വീതമെടുത്ത്, കുടുംബത്തിലെ മണ്‍മറഞ്ഞുപോയ പൂര്‍വികരെ സങ്കല്‍പിച്ചു സമര്‍പ്പിക്കുന്ന ആചാരവും ചിലയിടങ്ങളിലുണ്ട്. ചിലയിടങ്ങളില്‍ ഓണത്തലേന്ന് ഈ ‘വച്ചുകൊടുക്കല്‍’ ചടങ്ങു നടത്തും.
Post Your Comments