ഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പരീക്ഷയുമായി മുന്നോട്ടുപോകാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാല്‍ ഒരു സെമസ്റ്റര്‍ നഷ്ടമാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍. രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്.
അതേസമയം കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് അധ്യാപകർ കത്തയച്ചിരുന്നു. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ലധികം അധ്യാപകരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.നീറ്റ്-ജെഇഇ പരീക്ഷ മാറ്റിവെക്കണമെന്ന് പലഭാഗത്ത് നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ രാഷ്ട്രീയപരമായി ചിലര്‍ വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കുകയാണ്. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് രാജ്യത്തിന്റെ ഭാവി. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പ്രവേശന പരീക്ഷകളും ക്ലാസ്സുകളും സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കപ്പെടണം. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശന പരീക്ഷകള്‍ വിജയകരമായി നടത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് അധ്യാപകര്‍ കത്തില്‍ പറയുന്നു.
Post Your Comments