COVID 19Latest NewsKeralaNews

ഓണക്കാലത്ത് വ്യാപാരസ്ഥാപനങ്ങളുടെ നടത്തിപ്പ്; പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ. കണ്ടെയ്ന്‌മെന്റ് സോണുകൾ ഒഴികെയുളള മറ്റു പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് മണി വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വ്യാപാരം ഉറപ്പുവരുത്തുന്നതിനായി സർക്കാർ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട് സ്ഥാപനങ്ങളുടെ ഉടമസ്ഥർ സ്ഥാപനങ്ങൾക്കുള്ളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം പാലിച്ച് സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷ സാമഗ്രികൾ ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. ജീവനക്കാർ ഉൾപ്പെടെ ഒരേ സമയം സ്ഥാപനത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം സ്ഥാപനത്തിന്റെ വിസ്തീർണം അനുസരിച്ച് നിശ്ചയിക്കേണ്ടതാണ്. ഒരേസമയം സ്ഥാപനത്തിൽ പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം സ്ഥാപനങ്ങളുടെ പുറത്ത് പ്രദർശിപ്പിക്കണം, അധികമുള്ള ഉപഭോക്താക്കൾ സ്ഥാപനത്തിന് വെളിയിൽ സാമൂഹിക അകലം പാലിച്ച് നിൽക്കേണ്ടതാണ്, ഇതിനായി സ്ഥാപന ഉടമ വരികളോ വൃത്തങ്ങളോ അടയാളപ്പെടുത്തേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.

ഉപഭോക്താക്കൾക്ക് വേണ്ട സാനിറ്റൈസറും മറ്റ് സൗകര്യങ്ങളും സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. ഓൺലൈൻ പണമിടപാടുകൾ വ്യാപാരസ്ഥാപനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതാണ്. വീടുകളിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കുന്ന സംവിധാനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം.വ്യാപാരസ്ഥാപനങ്ങൾ അല്ലാത്ത മറ്റ് സ്ഥാപനങ്ങൾക്ക് (ബാങ്കുകൾ ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവ) 50% ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്. പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ, ഓണസദ്യയുമായി ബന്ധപ്പെട്ട തിരക്കുകളും പൂർണമായും ഒഴിവാക്കേണ്ടതാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പൂക്കൾ പൂക്കളങ്ങൾ ഉണ്ടാക്കുന്നതിനു പൂർണമായും ഒഴിവാക്കിയും പ്രാദേശികമായി ലഭിക്കുന്ന പൂക്കൾ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നതും ഉറപ്പുവരുത്തണം.

ഹോട്ടലുകൾക്കും റസ്റ്റോറന്റുൾക്കും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് രാത്രി ഒമ്പതുമണി വരെ പ്രവർത്തിക്കാവുന്നതാണ്. താമസസൗകര്യം ഉള്ള സ്ഥലങ്ങളിൽ പുതിയതായി ഓരോ താമസക്കാർ വരുന്നതിനു മുമ്പായി നിർബന്ധമായും അണുനശീകരണം നടത്തേണ്ടതാണ്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിക്കും.

എല്ലാ ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ/ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെയും കോവിഡ് 19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കുന്നവർക്ക് എതിരെയും കേരള എപിഡെമിക് ഡിസീസസ്‌ ഓർഡിനൻസ് 2020, ദുരന്തനിവാരണ നിയമം 2005, ഐപിസി സെക്ഷൻ 188, 269, എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കുന്നതാന്നെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button