ക്രൈസ്റ്റ് ചർച്ച് : ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച്ച നമസ്‌ക്കാരത്തിനെത്തിയവരില്‍ കഴിയാവുന്ന അത്രയും പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി ബ്രെന്റണ്‍ ടാരന്റ്. രാജ്യത്തെ പള്ളികള്‍ കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു. വിചാരണ വേളയിലാണ് പ്രതി ഇത് വെളിപ്പെടുത്തിയത്.
അതേസമയം പ്രതിയുടെ ചാരണ വേളയ്‌ക്കിടെ കോടതിയിൽ അരങ്ങേറിയത് വൈകാരിക രംഗങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതക ശ്രമങ്ങള്‍, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയത്. സംഭവദിവസം തന്നെ അറസ്റ്റിലായ 29കാരനായ പ്രതി അന്നുമുതല്‍ പരോളില്ലാത്ത തടവ് അനുഭവിക്കുകയാണ്. ആദ്യം അല്‍ നൂര്‍ പള്ളിയിലേക്ക് പോയി വെടിവെപ്പ് നടത്തിയ ബ്രെന്റണ്‍ ടാരന്റ് പിന്നീട് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലിന്‍വുഡ് പള്ളിയിലേക്ക് കാറോടിച്ച് പോയി അവിടെയും കൂട്ടക്കൊല നടത്തുകയായിരുന്നു. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരും പരുക്കേറ്റവരുമുള്‍പ്പടെയുള്ള സാക്ഷികളും വിചാരണക്കായി കോടതിയിലെത്തിയിരുന്നു.
ഇതിൽ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട മൂന്ന് വയസുകാരന്റെ പിതാവ് കൊലയാളിയായ ബ്രെന്റൺ ടാരന്റിനെ ദുഷ്‌ടൻ എന്നാണ് വിശേഷിപ്പിച്ചത്. വിദ്വേഷവും ഭയവും വിതയ്ക്കാനുള്ള ലക്ഷ്യത്തിൽ അതിക്രമങ്ങൾ പരാജയപ്പെട്ടുവെന്നും പൊട്ടികരഞ്ഞുകൊണ്ട് മൂന്നു വയസുകാരന്റെ പിതാവ് പറഞ്ഞു.
“നിങ്ങൾ എന്റെ മകനെ കൊന്നു. അത് നിങ്ങൾ ന്യൂസിലാന്റിനെ മുഴുവൻ കൊന്നതുപോലെയാണ്. നിങ്ങളുടെ ക്രൂരതയും വിദ്വേഷവും നിങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മാറിയില്ല. പകരം അത് ഞങ്ങളുടെ ക്രൈസ്റ്റ്ചർച്ച് സമൂഹത്തെ ഒന്നിപ്പിക്കുകയും ഞങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബഹുമാനം ഉയർത്തുകയും സമാധാനമുള്ള രാഷ്ട്രമായി ഇവിടം മാറുകയും ചെയ്‌തു”വെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.”നിങ്ങൾ ഒരു മനുഷ്യനല്ല, ഒരു മൃഗം പോലുമല്ല, കാരണം മൃഗങ്ങൾ ലോകത്തിന് പ്രയോജനകരമാണ്” അദ്ദേഹം പറഞ്ഞു.
ടാരന്റിന്റെ ആക്രമണത്തിൽ മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിമിന്റെ പിതാവായ ഏഡൻ ദിരിയെയാണ് വികാരധീനനായി കോടതിയിൽ പ്രതികരിച്ചത്.
അടുത്ത ജന്മത്തിൽ യഥാർത്ഥ നീതി നിങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും അത് ജയിലിനെക്കാൾ കഠിനമാകുമെന്നും ടാരന്റിനോട് പറഞ്ഞു. നിങ്ങൾ ചെയ്തതിന് ഒരിക്കലും ക്ഷമ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.സഹോദരൻ മുഹമ്മദ് കൊല്ലപ്പെട്ട ഹസ്മിൻ മുഹമ്മദോസെൻ ടാരന്റിനെ “ഒരു പിശാചിന്റെ മകൻ” എന്നാണ് കോടതിയിൽ വിളിച്ചത്.
അതേസമയം ക്രൈസ്റ്റ്ചർച്ച് കോടതിയിൽ നാളെ ശിക്ഷ വിധിക്കുമ്പോൾ ഓസ്‌ട്രേലിയൻ വൈറ്റ് മേധാവിത്വവാദിയായ ടാരന്റ് ന്യൂസിലാന്റിൽ പരോൾ ലഭിക്കാതെ ജീവപര്യന്തം തടവിൽ കഴിയുന്ന ആദ്യത്തെ വ്യക്തിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments