Latest NewsKeralaNews

ന്യൂസിലാന്‍ഡില്‍ മീന്‍പിടിത്തത്തിനിടെ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി: ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി: ന്യൂസിലാന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി ആറ്റുവാത്തല ശശി നിവാസില്‍ ശശിധരന്‍നായരുടെയും ശ്യാമളകുമാരിയുടെയും മകന്‍ ശരത്കുമാറി(37)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കണ്ടെത്തിയത്.

Read Also: യുവതി കിടക്കയില്‍ നിന്ന് ഇറങ്ങിനടക്കാറുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടിലെ ജോലിക്കാരി ശ്രീജ

ശരത്കുമാറിനെയും മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കെ.എം.പി തടിമില്ലിനുസമീപം ചെമ്പകത്തിനാല്‍ വീട്ടില്‍ ഫെര്‍സില്‍ ബാബു(37)വിനെയുമാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ടുമുതല്‍ ഇവരെ കാണാതായി എന്നാണ് ന്യൂസിലാന്‍ഡ് എംബസിയില്‍ നിന്നു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

ന്യൂസിലാന്‍ഡിന്റെ വടക്കന്‍ പ്രദേശമായ നോര്‍ത്ത് ലാന്‍ഡിലെ തായ്ഹാരുരു ബീച്ചിനടുത്ത് ദി ഗ്യാപ്പ് എന്നറിയപ്പെടുന്ന പാറക്കെട്ടുകള്‍ക്കു സമീപം പോലീസും സുരക്ഷാസംഘവും വ്യാഴാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ കണ്ടെത്താനായില്ല. വെള്ളിയാഴ്ച അന്വേഷണം പുനരാരംഭിച്ചപ്പോഴാണ് ശരത്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ വാഹനം, വസ്ത്രം, പാദരക്ഷകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ന്യൂസിലാന്‍ഡില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളായ ഇരുവരും കൂടി അപകട സാധ്യതയുള്ള ബീച്ചില്‍ മീന്‍പിടിക്കാന്‍ പോയതാണ്. വഴുവഴുപ്പുള്ള പാറപ്പുറത്തുനിന്ന് കടലിലേക്ക് വീണു പോയിരിക്കാമെന്നാണ് നിഗമനം. ആദ്യം വീണുപോയ ആളെ രക്ഷിക്കാനായി അടുത്തയാള്‍ ഷൂസ് അഴിച്ചുവെച്ച് വെള്ളത്തിലിറങ്ങിയതാകുമോ എന്ന് സംശയിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ ഫെര്‍സിലിന്റെ ഭാര്യ ആഷ്‌ലിയാണ് വിവരം മൂവാറ്റുപുഴയിലെ വീട്ടില്‍ അറിയിച്ചത്. ശരത് കുമാര്‍ ഭാര്യക്കയച്ച ലൊക്കേഷന്‍ മാപ്പില്‍നിന്നാണ് പോലീസ് ഇവര്‍ എവിടെയാണു പോയതെന്ന് കണ്ടെത്തിയത്. ശരത്കുമാറിന്റെ ഭാര്യ സൂര്യ എസ്. നായര്‍, മകള്‍ ഐഷാനി എന്നിവരും ന്യൂസിലാന്‍ഡിലാണ്. മലയാളി അസോസിയേഷനും കൂട്ടുകാരുംചേര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button