തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍.സ്വര്‍ണ കള്ളക്കടത്തു കേസില്‍ കളളത്തരം പുറത്താകുമെന്ന് മനസിലായപ്പോള്‍ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. പ്രോട്ടോക്കോള്‍ ഓഫീസിലെ കത്തിനശിച്ച ഫയലുകള്‍ മന്ത്രി കെ.ടി.ജലീലിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നവയാണോയെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
കൃത്യമായ വഴിയില്‍ അന്വേഷണമെത്തുമെന്ന് മനസിലായപ്പോള്‍ എല്ലാ രേഖകളും കത്തിച്ചതാണോയെന്ന സംശയം ന്യായമായും പൊതുജനങ്ങള്‍ക്കുണ്ടാകും. സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടില്ലെന്ന പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണിയുടെ തിടുക്കത്തിലുള്ള പ്രതികരണത്തിലുണ്ട് എല്ലാമെന്നും അദ്ദേഹം ആരോപിച്ചു.
അട്ടിമറിക്ക് കുടപിടിക്കുകയാണോ ചീഫ് സെക്രട്ടറി? ഇത് യാദൃശ്ചികമായുണ്ടായ തീപിടിത്തമെങ്കില്‍ അവിടെയെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷനെയും നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതെന്തിന്? ഇത്തരം അട്ടിമറി നടക്കുമ്‌ബോള്‍ കെ.സുരേന്ദ്രന്‍ അവിടെയെത്തി പ്രതിഷേധിക്കുമെന്ന് കരുതിയില്ലേയെന്നും മുരളീധരന്‍ ചോദിച്ചു. ഉള്ളത് പറയുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വാമൂടാമെന്ന് കരുതേണ്ട ! ഈ ആസൂത്രിത അട്ടിമറിയെ തുറന്നെതിര്‍ക്കാന്‍ ബി ജെ പി ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തീ പിടിച്ചതോ പിടിപ്പിച്ചതോയെന്ന് വ്യക്തമാകാന്‍ സമഗ്രമായ അന്വേഷണം വേണം. മടിയില്‍ കനമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇത്തരം കുത്സിത പ്രവൃത്തികളിലൂടെ പൊതു സമൂഹത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യനാകുകയാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments