തിരുവനന്തപുരം: ആദ്യം ഇടിവെട്ട്.. ഇപ്പോള്‍ തീപിടിത്തം സെക്രട്ടറിയേറ്റിലെ ദുരന്തങ്ങള്‍ക്ക് ദുരൂഹത, എല്ലാം കൂട്ടിവായിക്കുമ്പോള്‍ വിരല്‍ നീളുന്നത് സ്വപ്ന കേസിലേയ്ക്ക് തന്നെ. സ്വര്‍ണക്കടത്ത് കേസിലെയും നയതന്ത്ര പാര്‍സല്‍ വിവാദത്തിലെയും മുഖ്യ തെളിവുകള്‍ ഉള്ള സ്ഥലമെന്നു സംശയിക്കപ്പെടുന്ന പ്രൊട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം ഇപ്പോള്‍ എല്ലാവരിലും സംശമുളവാക്കുന്നു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ തന്നെയാണ് പ്രൊട്ടോക്കോള്‍ ഓഫീസറുടെ കാര്യാലയവും. നേരത്തെ സെക്രട്ടറിയേറ്റില്‍ ഇടിമിന്നലുണ്ടായെന്നും സിസി ടിവി ദൃശ്യങ്ങള്‍ നശിച്ചുപോയെന്നു സംശയം ഉയര്‍ന്നതും നോര്‍ത്ത് ബ്ലോക്കില്‍ തന്നെയായിരുന്നു.
സ്വര്‍ണക്കടത്ത് വിവാദത്തിലെ സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ്. നയതന്ത്ര പാഴ്സലിലൂടെ ഖുറാന് വിതരണത്തിനെത്തിച്ച കേസിലും ഇതേ ഓഫീസും ചില ഓഫീസര്‍മാരും ആരോപണത്തിന്റെ നിഴലിലാണ്. ഈ ഓഫീസിലെ ജോയിന്റ് പ്രോട്ടോക്കാള്‍ ഓഫീസറായ ഷൈന്‍ എ ഖക്കിനോട് അടുത്ത ദിവസം എന്‍ഐഎ ഓഫീസിലെത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിന്റെ പിന്നലെയാണ് തീപിടുത്തമുണ്ടായതെന്നും ശ്രദ്ധേയമാണ്.
പൊതുഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നു ഓഫീസിലെ മുഴുവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടു ഉദ്യോഗസ്ഥര്‍ ഇന്നു ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതാണ് കൂടുതല്‍ സംശയത്തിന് ഇട നല്‍കിയത്.
തീപിടുത്തത്തില്‍ നശിച്ചത് വിവിഐപി സന്ദര്‍ശനം, വിദേശയാത്രകളുടെ ഫയല്‍, വിഐപികളുടെ യാത്രാ അനുഗമനം തുടങ്ങിയ നിര്‍ണ്ണായക ഫയലുകളെന്നാണ് സൂചന. നയതന്ത്ര പാഴ്സലുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കിയതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകളും നശിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.
Post Your Comments