തിരുവനന്തപുരം : മണിക്കൂറുകൾ നേരം നിയമസഭയിൽ സംസാരിച്ചിട്ടും ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാടിനെപ്പറ്റി മുഖ്യമന്ത്രി ഒരക്ഷരം പോലും സംസാരിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. ഗണേഷ് കുമാർ അഴിമതിക്കെതിരെ സംസാരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടി ചെയർമാനായ ബാലകൃഷ്‌ണപ്പിള്ളയെ അഴിമതി കേസിൽ ശിക്ഷിച്ചപ്പോൾ സന്തോഷിച്ച മാർക്സിസ്റ്റുകാർക്കൊപ്പം ആണ് ഗണേഷ്‌കുമാറെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതു മുന്നണിയുടെ എം.എൽ.എമാർ ഇന്നലെ പിണറായിക്ക് മംഗളപത്രം വായിക്കുകയായിരുന്നു. സ്പീക്കർ കാണിച്ചത് അനീതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും താനും സംസാരിക്കുമ്പോൾ അതിൽ ഇടപെടാതെ സമയം നൽകണമെന്ന് താൻ സ്‌പീക്കറോട് പറഞ്ഞിരുന്നു. സമയം നൽകാമെന്നാണ് സ്‌പീക്കർ പറഞ്ഞത്. അനുവദിച്ചതിനെക്കാൾ ഏകദേശം ഇരുപത് മിനിറ്റ് മാത്രമാണ് താൻ സമയം എടുത്തത്. അതിനിടയിൽ പ്രസംഗം മൂന്ന് തവണ തടസപ്പെടുത്തി.
കോവിഡ് ആയതുകൊണ്ട് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രസംഗം നീട്ടികൊണ്ട് പോകരുതെന്നുമായിരുന്നു മന്ത്രി എ.കെ ബാലൻ പറഞ്ഞത്. എന്നാൽ പിണറായി സംസാരിച്ചപ്പോൾ ആ നിയമമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. അഞ്ച് മണിക്കൂർ ചർച്ച ചെയ്യുന്ന അവിശ്വാസ പ്രമേയത്തിൽ മൂന്നേ മുക്കാൽ മണിക്കൂറാണ് മുഖ്യമന്ത്രി സംസാരിച്ചത്. പ്രസംഗം കേട്ട സ്‌പീക്കർ പഞ്ച പുച്ച മടക്കി ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ അസ്വാഭാവികതയില്ലെന്നാണ് സ്‌പീക്കർ പറയുന്നത്. എന്നാൽ ആ പ്രസംഗം അസ്വാഭാവികമായിരുന്നു. ഇതുപോലെയൊരു ബോറൻ പ്രസംഗം കേരളത്തിലെ ജനങ്ങൾ കണ്ടിട്ടില്ല. ആരെക്കെയോ എഴുതി കൊടുത്തത് വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും ചെന്നിത്തല പറഞ്ഞു.
മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അവിശ്വാസ പ്രമേയത്തിൽ മറുപടി പറയാൻ അഞ്ചര മണിക്കൂർ എടുത്തിരുന്നുവെന്നാണ് സ്‌പീക്കർ പറഞ്ഞത്. അന്ന് ഒന്നര മണിക്കൂർ മാത്രമാണ് ഉമ്മൻചാണ്ടി പ്രസംഗിച്ചത്. അന്ന് എല്ലാവരും കൂടിയെടുത്തത് രണ്ട് മണിക്കൂർ ആയിരുന്നു. പ്രതിപക്ഷത്തിനെ അടിച്ചമർത്താനാണ് സ്‌പീക്കർ ശ്രമിച്ചതെന്നും ചെന്നിത്തല വിമർശിച്ചു.
Post Your Comments