തൃശൂര്‍: സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയതിന് കിട്ടിയത് 2400 രൂപ മാത്രമാണെന്ന് വിമര്‍ശനം ഉന്നയിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പിന്തുച്ചും വിമര്‍ശിച്ചും എഴുത്തുകാര്‍ രംഗത്ത് എത്തി. ചുള്ളിക്കാടിനെ പിന്തുണച്ച് അക്കാദമി ഭാരവാഹിയും എഴുത്തുകാരനുമായ അശോകന്‍ ചരുവിലിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. തനിക്ക് നേരിട്ട് പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയില്‍ ചുള്ളിക്കാടിനോട് മാപ്പ് ചോദിക്കുന്നുവെന്ന് അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Read Also: അമ്പമ്പോ! എന്തൊരു വിലക്കയറ്റം: ജയിൽ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിക്കുന്നു
സര്‍ക്കാരുമായി ബന്ധപ്പെട്ട സാംസ്‌കാരിക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും എഴുത്തുകാര്‍ക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണെന്ന് അശോകന്‍ ചെരുവില്‍ തന്റെ പോസ്റ്റിലൂടെ വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘അക്കാദമി സാഹിത്യോത്സവം; ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനം ശരിയാണ്. കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ദുരനുഭവം ഉണ്ടായതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. നേരിട്ടു പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയില്‍ ഞാന്‍ പ്രിയപ്പെട്ട ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നു. ഈ സംഗതി ബാലചന്ദ്രന്‍ വെളിപ്പെടുത്തിയത് ഉചിതമായി. യാത്രാക്കൂലി / പ്രതിഫലം എന്നീ കാര്യങ്ങളില്‍ എഴുത്തുകാര്‍ വലിയ അവഗണനാണ് നേരിടുന്നത്’.
‘ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പലപ്പോഴും പ്രതിഫലം നല്‍കുന്നില്ല. പങ്കെടുപ്പിക്കുന്നത് തന്നെ ഔദാര്യം എന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട സാംസ്‌കാരിക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും എഴുത്തുകാര്‍ക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. ഓണപ്പുടവ കൊടുക്കുന്ന മട്ടില്‍’.
‘യൂണിവേഴ്‌സിറ്റി അധ്യാപകന്റെ ഒരു ദിവസത്തെ ശമ്പളത്തിന്റെ നാലിലൊന്നു പോലും അവിടെ പ്രഭാഷണത്തിനെത്തുന്ന എഴുത്തുകാരന് കൊടുക്കാറില്ല. നമ്മുടെ കേരളത്തില്‍ ഭരണവര്‍ഗ്ഗത്തോടും അവരുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രത്തോടും സന്ധിയില്ലാതെ സമരം ചെയ്തു നില്‍ക്കുന്ന നിരവധി ജനകീയസംഘങ്ങളുണ്ട്. ആശയപരമായ സമ്പന്നതയിലും അതേസമയം സാമ്പത്തികമായി അങ്ങേയറ്റം ദാരിദ്ര്യത്തിലുമാണ് അവ പ്രവര്‍ത്തിക്കുന്നത്. സമാന ചിന്തയുള്ള എഴുത്തുകാര്‍ അവര്‍ക്കൊപ്പം ചേരുക പതിവുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിഫലം വാങ്ങാതിരിക്കുകയോ നാമമാത്രമായ യാത്രാപ്പടി മാത്രം വാങ്ങുകയോ പതിവുണ്ട്. അത് ആശയത്തോടും പ്രസ്ഥാനത്തോടുമുള്ള അവരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമാണ്’.
‘പക്ഷേ കൃത്യമായി ശമ്പളവും മറ്റും നല്‍കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ എഴുത്തുകാര്‍ക്കു മാത്രം പ്രതിഫലം നല്‍കാതിരിക്കുന്നത് വലിയ തെറ്റാണ്. അക്കാദമികളും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ആ സ്ഥാപനങ്ങള്‍ക്കു വേണ്ടിയല്ല. സംസ്‌കാരത്തിനും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടിയാണ്. അല്ലെങ്കില്‍ അങ്ങനെയാകണം’.
Post Your Comments