ചെന്നൈ: ആത്മീയ യാത്രക്ക് എത്തിയ അയോധന കലയില്‍ വിദഗ്ധയായ വിദേശവനിത പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തി. പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ന്യാസിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഇടിയേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് വ്യാജ സന്ന്യാസി. നാമക്കല്‍ സ്വദേശി മണികണ്ഠന്‍ എന്നയാളാണ് പിടിയിലായത്. ഇയാളുടെ മുഖത്തുള്‍പ്പടെ കാര്യമായി പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിയെ വിദേശവനിത കൈകാര്യം ചെയ്ത് പൊലീസിന് കൈമാറിയത്.
ആത്മീയ പഠനത്തിനെത്തിയ യുഎസ് സ്വദേശിനിയായ മുപ്പതുകാരി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഭാഗമായാണ് ക്ഷേത്ര നഗരിയില്‍ എത്തിയത്. ലോക്ക് ഡൗണ് വന്നതോടെ നാട്ടിലേക്ക് പോകാന്‍ സാധിക്കാതിരുന്ന യുവതി തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് വ്യാജസന്ന്യാസി വിദേശവനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം ഒന്ന് ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച യുവതി ആക്രമണത്തെ പ്രതിരോധിച്ചു. സന്ന്യാസിയെ ഇടിച്ച് നിലത്തിട്ട യുവതി പിന്നാലെ ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി ഇയാളെ സമീപത്തെ മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്ന്യാസവേഷത്തില്‍ തിരുവണ്ണാമലയില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കയറല്‍, ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Post Your Comments