കൊല്‍ക്കത്ത : സ്കൂള്‍ നിര്‍മിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ സ്ഥലം തിരികെ നല്‍കി മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത നഗരത്തിന്റെ കിഴക്ക് ഭാഗത്ത് ന്യൂ ടൗണില്‍ നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലമാണ് ഗാംഗുലി തിരികെ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഐ.സി.എസ്.ഇ ബോര്‍ഡ് ഹൈസ്കൂള്‍ നിര്‍മിക്കാനാണ് ബംഗാള്‍ സര്‍ക്കാര്‍ ഗാംഗുലിക്ക് സ്ഥലം അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്ഥലം ഗാംഗുലി തിരികെ നല്‍കിയത് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അകലുന്നതിന്റെ സൂചനയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് തൃണമൂലിന്റെ ആധിപത്യം തകര്‍ക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ഗാംഗുലിയെ രംഗത്തിറക്കിയേക്കുമെന്ന സൂചനകളും ശക്തമാണ്. 2021-ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സെക്രട്ടേറിയറ്റില്‍വച്ച് കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ച്ചയില്‍ സ്ഥലത്തിന്റെ രേഖകള്‍ ഗാംഗുലി മുഖ്യമന്ത്രിക്ക് തിരികെ കൊടുത്തതായാണ് റിപ്പോര്‍ട്ട്. സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് ഗാംഗുലിയുടെ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മമതയെ കണ്ടത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് സൗഹൃദസന്ദര്‍ശനം മാത്രമാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.
അതേസമയം ഗാംഗുലിയും സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.ഇടതുപക്ഷം ബംഗാള്‍ ഭരിക്കുന്ന സമയത്തും അനുവദിച്ച സ്ഥലം ഗാംഗുലി തിരികെ നല്‍കിയിരുന്നു. ഇതേ ആവശ്യത്തിനായി സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപമാണ് ഗാംഗുലിക്ക് സ്ഥലം അനുവദിച്ചത്. അന്നും നിയമപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥലം തിരികെ നല്‍കി.
Post Your Comments