ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം നൽകി ബി.സി.സി.ഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററിൽ വ്യക്തമാക്കി.
രാജ്യത്തെ വിവിധയിടങ്ങളിൽ ഓക്സിജൻ ക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് അത്യാവശ്യക്കാരെ കണ്ടെത്തി ഓക്സിജൻ കോൺസൺട്രേറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും, കോവിഡിനെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബി.സി.സി.ഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. വരുന്ന ഏതാനും മാസങ്ങൾ കൊണ്ട് ഓക്സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
Post Your Comments