പാലാ • അന്ത്യാളത്ത് സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണു പരുക്കേറ്റു ചികിത്സയിൽ കഴിയവെ മരണമടഞ്ഞ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
അപകടത്തിന് ഇടയായത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മരണമടഞ്ഞയാളുടെ കുടുംബത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലാ – രാമപുരം റോഡിൽ ഹൈസ്കൂളിന് സമീപം റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അന്ത്യാളം പൂവേലിത്താഴെ റോയി(45) ആണ് മരണമടഞ്ഞത്. അന്ത്യാളത്തു നിന്നും രാമപുരത്തുള്ള ഹോട്ടലിൽ ജോലിക്കു പോകവെ 12-നു പുലർച്ചെയാണ് റോഡിലെ കുഴിയിൽ വീണ് റോയിയ്ക്കു ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ 20 നു മരണമടയുകയായിരുന്നു.
റോഡിലെ കുഴികൾ നികത്താനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കാണ്. കൃത്യസമയത്ത് അറ്റകുറ്റപണികൾ പൂർത്തീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും എബി ജെ ജോസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകടത്തെ തുടർന്നു പ്രതിഷേധം ഉയരുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ പിറ്റേന്ന് തന്നെ റോഡിലെ കുഴികൾ അടയ്ക്കുകയും ചെയ്തത് ഉദ്യോഗസ്ഥരുടെ കുറ്റസമ്മതത്തിന് തുല്യമാണ്.
കഴിഞ്ഞ വർഷം മെയിൽ പാലാ നഗര മധ്യത്തിൽ കാർഷിക വികസന ബാങ്കിനു മുന്നിൽ റോഡ് നിർമ്മാണത്തിലെ അപാകത മൂലം വത്സമ്മ എന്ന വീട്ടമ്മ സ്കൂട്ടറിൽ നിന്നും വീണു പരുക്കേറ്റു മരണമടഞ്ഞിരുന്നു. മരണം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടായിരുന്നു അപാകത പരിഹരിച്ചത്.
Post Your Comments