ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മലക്കം മറിഞ്ഞ് രാഹുല്‍ ഗാന്ധി. ബിജെപിയെ സഹായിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ കപില്‍ സിബലിനെ അറിയിച്ചു. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനു മറുപടി നല്‍കിക്കൊണ്ടുള്ള ട്വീറ്റ് പിന്‍വലിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നു രാഹുല്‍ അറിയിച്ചതിനാല്‍ ട്വീറ്റ് പിന്വലിക്കുകയാണെന്നാണു കപില്‍ സിബല്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടു നേതാക്കള്‍ കത്തെഴുതിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കത്തയച്ചവര്‍ ബിജെപിയുമായി രഹസ്യധാരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനമെന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണു കപില്‍ സിബല്‍ രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്. തങ്ങള്‍ ബിജെപിയുമായി രഹസ്യധാരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു രാഹുല്‍ ഗാന്ധി പറയുന്നു.
രാജസ്ഥാന് ഹൈക്കോടതിയില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു. മിസോറാമില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ട്ടിക്കൊപ്പം നിന്നു. കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ ഒരു വിഷയത്തില്‍ പോലും ബിജെപിക്ക് അനുകൂലമായി സംസാരിച്ചിട്ടില്ലെന്നുമായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.പ്രവര്‍ത്തക സമിതിയിലെ പൊട്ടിത്തെറിയിലുണ്ടായ മുറിവ് ഉണക്കാനാണ് രാഹുലിന്റെ ശ്രമം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസിന് മുഴുവന്‍ സമയ അദ്ധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ എഴുതിയ കത്താണ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണമായത്. കത്തിനെതിരെ രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കത്തെഴിതിയവര്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചിരുന്നത്. എ.കെ ആന്റണി സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments