കൊച്ചി: കോവിഡ്-19 മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് 308 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പഠനം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ചെമ്മീൻ ഉൽപാദനം ഗണ്യമായി കുറഞ്ഞത് കണ്ടെത്തിയത്. കേരളത്തിൽ ലോക്ഡൗൺ കാലയളവിൽ ചെമ്മീൻ ഉൽാപദനം 500 ടൺ വരെ കുറഞ്ഞതായി സിബയുടെ പഠനം വ്യക്തമാക്കുന്നു. മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായെന്നും പഠനം വെളിപ്പെടുത്തുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൃഷിക്ക് ആവശ്യമായ വിത്ത്, തീറ്റ എന്നിവ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതും തൊഴിലാളികളെ ലഭിക്കാത്തതുമാണ് ചെമ്മീൻ കൃഷിയിൽ നഷ്ടമുണ്ടാകാൻ കാരണം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ ചെമ്മീൻ കൃഷി സംസ്ഥാനത്ത് മുൻ വർഷത്തേക്കാൾ 30 ശതമാനം കുറഞ്ഞു. ചെമ്മീൻ വിത്തിനും തീറ്റയ്ക്കും കേരളം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ചെമ്മീൻ കൃഷിക്കായുള്ള കുളമൊരുക്കൽ തുടങ്ങിയ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച ശേഷം, മതിയായ തോതിൽ വിത്തും തീറ്റയും ലഭിക്കാത്തതിനാൽ 50 ശതമാനം കർഷകരാണ് സംസ്ഥാനത്ത് കൃഷിയിൽ നിന്ന് പിന്തരിഞ്ഞത്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ചെമ്മീൻ തീറ്റ വരവ് ലോകഡൗൺ കാരണം പ്രതിസന്ധിയിലായത് വില കൂടാനും കാരണമായി.
കൃഷി തുടങ്ങിയവരിൽ തന്നെ രോഗവ്യാപനം ഭയന്ന് മിക്കവരും ചെമ്മീൻ പൂർണവളർച്ചയെത്തുന്നിതിന് മുമ്പ് വിളവെടുപ്പ് നടത്തിയത് നഷ്ടത്തിന് ആക്കം കൂട്ടിയതായും സിബ കണ്ടെത്തി. ഇത് കാരണം ചെറിയ വലിപ്പത്തിലുള്ള ചെമ്മീൻ കുറഞ്ഞവിലയ്ക്കാണ് കർഷകർ വിറ്റഴിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അക്വാ-ലബോറട്ടറികളുടെയും വിദഗ്ധരുടെയും സേവനം ലോക്ഡൗൺ കാലത്ത് ലഭിക്കാത്തതാണ് കാലാവധി തികയുന്നതിന് മുമ്പായി വിളവെടുക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. 80 ദിവസം വേണ്ടിടത്ത്, 25 ശതമാനം കർഷകരും 30 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്തി. 15 ശതമാനം കർഷകർ 30-80 ദിവസങ്ങൾക്കുള്ളിൽ വിളവെടുത്തപ്പോൾ കേവലം 10 ശതമാനം കർഷകരാണ് 80 ദിവസം കൃഷി കാലാവധി പൂർത്തിയാക്കിയത്.
തൊഴിൽ നഷ്ടം
ലോകഡൗൺ കാരണം സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്കാണ് തൊഴിൽ നഷ്ടമായതെന്ന് പഠനം വെളിപ്പെടുത്തുന്നു. കൃഷി, സംസ്കരണം, വിതരണം എന്നീ രംഗങ്ങളിലായി ഇത്രയും പേർക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു കൃഷി സീസണിലെ തൊഴിൽ ഇല്ലാതായതിലൂടെയുള്ള നഷ്ടം 108 കോടി രൂപയാണ്. ചെമ്മീൻ ഉൽപാദന-വിതരണ രംഗത്ത് കൃഷിയിടങ്ങൾ, ഹാച്ചറികൾ, സംസ്കരണ യൂണിറ്റുകൾ, ചില്ലറ-മൊത്ത വ്യാപാരം എന്നീ രംഗങ്ങളിലായി നിരവധി തൊഴിലവസരങ്ങളുണ്ട്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയുടെ ചെമ്മീൻ ഉൽപാദനത്തിൽ മുൻവർഷത്തേക്കാൾ ഇക്കാലയളവിൽ 40 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നതെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. ഇതിലൂടെയുള്ള നഷ്ടം 1.60 ബില്യൺ യുഎസ് ഡോളറാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സമയോചിതമായ ഇടപെടൽ കാരണം മത്സ്യ-ചെമ്മീൻ കൃഷിയെ അവശ്യസേവന വിഭാഗത്തിൽ ഉൾപെടുത്താനും ഇതുമായി ബന്ധപ്പെട്ടുള്ള യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും സാധിച്ചു. ഇത്കൊണ്ട് നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നിലവിൽ 3144 ഹെക്ടറിലാണ് കേരളത്തിൽ ചെമ്മീൻ കൃഷി നടക്കുന്നത്. കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1500 ടൺ ആണ്. കൃഷിക്കാവശ്യമുള്ള വിത്ത്, തീറ്റ തുടങ്ങിയവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിനാൽ അന്തർസംസ്ഥാന ഗതാഗതത്തിലെ പ്രതിസന്ധി കേരളത്തിലെ ചെമ്മീൻ കൃഷിയെ കാര്യമായി ബാധിക്കുമെന്ന് ഡോ വിജയൻ സൂചിപ്പിച്ചു. ദുരന്തകാലയളവിൽ കർഷകർക്ക് സഹായകമാകുന്ന ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് ലഭ്യമാക്കണമെന്നും ഇത്തവണ കർഷകർക്കുണ്ടായ നഷ്ടം നികത്തുന്നതിന് സാമ്പത്തിക സഹായം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
പുറത്തു നിന്നു വരുന്ന ചെമ്മീൻ വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ അക്വാകൾച്ചർ ക്വാറന്റൈൻ സംവിധാനം മെച്ചപ്പെടുത്തണമെന്ന് സിബയുടെ പഠനം നിർദേശിക്കുന്നു. ഇതര സംസ്ഥാനത്തെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ വനാമി ചെമ്മീൻ വിത്തുൽപാദനത്തിന് കേരളത്തിൽ ഹാച്ചറി സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments