KeralaLatest NewsSaudi ArabiaNewsGulf

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറിയ മോദി സർക്കാരിന്റെ നടപടി ജനവിരുദ്ധം : നവയുഗം

ദമ്മാം • ലക്ഷക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അടുത്ത അമ്പതു വർഷത്തേയ്ക്ക് അദാനി കമ്പനിയ്ക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന്റെ നടപടി കടുത്ത ജനവിരുദ്ധവും, മലയാളികളോടുള്ള വെല്ലുവിളിയുമാണെന്ന് നവയുഗം സാംസ്ക്കാരികവേദി ആരോപിച്ചു.

കേരളത്തിലെ ആദ്യത്തേതും, ഇന്ത്യയിലെ അഞ്ചാമത്തേയും അന്താരാഷ്ട്ര വിമാനത്താവളവുമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം ഇതുവരെ പൂർണ്ണമായും നടത്തിയിരുന്നത് കേന്ദ്രവ്യോമയാന വകുപ്പിന്റെ കീഴിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ആയിരുന്നു. സംസ്ഥാനസർക്കാരിന്റെ സഹകരണത്തോടെയാണ് പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടം പൂർത്തിയാക്കി 2011 ൽ ഉത്‌ഘാടനം ചെയ്ത് ഏറെ വികസനമുന്നേറ്റങ്ങൾ ഈ വിമാനത്താവളത്തിൽ ഉണ്ടായത്.

എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്ന കാലം മുതലേ തിരുവനന്തപുരം വിമാനത്താവളത്തെ നഷ്ടത്തിലാക്കി സ്വകാര്യവൽക്കരിയ്ക്കാനുള്ള നടപടികൾ പരസ്യമായിത്തന്നെ തുടങ്ങിയിരുന്നു. 2017 മുതൽ കേന്ദ്രസർക്കാർ തിരുവനന്തപുരം എയർപോർട്ട് യൂസർ ഫീ കുത്തനെ ഉയർത്തുകയും, വിമാന പാർക്കിങ് ഫീസ് ഉൾപ്പെടെ വർദ്ധിപ്പിയ്ക്കുകയും ഒക്കെ ചെയ്തതിന്റെ ഫലമായി, വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടുകയും, വിമാനസർവ്വീസുകളുടെ എണ്ണം കുറയുകയും ചെയ്യാൻ തുടങ്ങി. യൂസർഫീസ് അടക്കമുള്ള എല്ലാ എയർപോർട്ട് ഫീസുകളും കുറയ്ക്കണെമെന്ന് സംസ്ഥാനസർക്കാരും, പ്രവാസി സംഘടനകളും പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും, കേന്ദ്രസർക്കാർ കേട്ടതായിപ്പോലും ഭാവിച്ചിട്ടില്ല. അങ്ങനെ വിമാനത്താവളത്തിന്റെ വികസനത്തിന് എല്ലാ പാരയും വെച്ചു, യാത്രക്കാരെ വെറുപ്പിച്ചതിന് ശേഷമാണ്, ഇപ്പോൾ വികസനത്തിന്റെ പേര് പറഞ്ഞു വിമാനത്താവളം മൊത്തമായി നരേന്ദ്രമോദിയുടെ അടുത്ത ചങ്ങാതിയായ അദാനിയ്ക്ക് കൈമാറുന്നത്.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മോഡലിൽ സംസ്ഥാന സർക്കാരിന് ഓഹരിയുള്ള TIAL എന്ന കമ്പനി രൂപീകരിച്ചു, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ എയർപോർട്ട് നടത്താനുള്ള കേരളസർക്കാരിന്റെ ശ്രമത്തെ തള്ളിക്കളഞ്ഞാണ്, മോദി സർക്കാർ വ്യോമയാനമേഖലയിൽ യാതൊരു അനുഭവപരിചയവും ഇല്ലാത്ത അദാനിയുടെ കമ്പനിയ്ക്ക് എയർപോർട്ട് കൈമാറിയത്. സംസ്ഥാനസർക്കാർ വിമാനത്താവളവികസനത്തിനായി സൗജന്യമായി നൽകിയ ഏക്കർകണക്കിന് സ്ഥലവുമൊക്കെയാണ് ഈ കരാറിന്റെ മറവിൽ കേന്ദ്രസർക്കാർ ഇപ്പോൾ അദാനിയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്. വൻഅഴിമതിയാണ് ഈ ഇടപാടിനു പിന്നിൽ നടന്നിരിയ്ക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.

വീടിന്റെ കഴുക്കോൽ വരെ വിറ്റ് ധൂർത്തടിയ്ക്കുന്ന ചില പഴയകാല തറവാട്ട് കരണവരെപ്പോലെ, രാജ്യത്തിൻറെ പൊതുമേഖലയിലുള്ള സ്വത്തുക്കളൊക്കെ അംബാനിയ്ക്കും, അദാനിയ്ക്കും വിറ്റു തുലയ്ക്കുന്ന മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലും നടക്കുന്നത്.

കേരളത്തിന്റെ അഭിമാനമായ എയർപോർട്ടിനെ വിറ്റു തുലയ്ക്കാനുള്ള ഈ നടപടിയിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും, വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ-കേരളസർക്കാർ-സ്വകാര്യനിക്ഷേപകർ എന്നിവർ ഉൾപ്പെടുന്ന സംവിധാനമാക്കി, TIAL കമ്പനിയ്ക്ക് കൈമാറണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button