COVID 19Latest NewsNewsInternational

ഇന്ത്യയില്‍ കോവിഡ് -19 വാക്‌സിന്‍ നിര്‍മ്മിക്കാന്‍ റഷ്യ

ഇന്ത്യയില്‍ കോവിഡ് -19 വാക്‌സിന്‍ നിര്‍മ്മിക്കാന്‍ റഷ്യ താല്‍പ്പര്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ മോസ്‌കോയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് കോവിഡ് വാക്‌സിനുകള്‍ക്ക് ധനസഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ കിറില്‍ ദിമിട്രീവ് പറയുന്നു. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത റഷ്യയുടെ സ്പുട്‌നിക് വി കൊറോണ വൈറസ് വാക്‌സിനില്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനായി റഷ്യ ഇന്ത്യന്‍ റെഗുലേറ്റര്‍മാരുമായും നിര്‍മ്മാതാക്കളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഒരു ഇന്ത്യന്‍ വാര്‍ത്താ ചാനലിനു നല്‍കിയ ആദ്യ അഭിമുഖത്തില്‍ ദിമിത്രീവ് പറയുന്നത്. ഇന്ത്യയുമായും ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായും ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായും തങ്ങള്‍ക്ക് വലിയ സഹകരണമുണ്ടെന്നും അവര്‍ തങ്ങളുടെ സാങ്കേതികവിദ്യ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉല്‍പാദന ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അതിനാല്‍ ഇന്ത്യയെ ഉല്‍പാദന പങ്കാളിയായി കൊണ്ടുവരാന്‍ റഷ്യയ്ക്ക് താല്‍പ്പര്യമുണ്ടെന്നും ദിമിത്രീവ് കൂട്ടിച്ചേര്‍ത്തു.ഇന്ത്യ തങ്ങളുടെ രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം തങ്ങള്‍ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്, മുന്‍നിര കമ്പനികളും ഉല്‍പാദന ശേഷികളും ഇന്ത്യയില്‍ ഇതിനകം നിലവിലുണ്ട്, അതിനാല്‍ മോസ്‌കോ സ്പുട്‌നിക് വി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടെന്ന് ദിമിത്രീവ് പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ റഷ്യ തയ്യാറാണെന്നും ഇന്ത്യ, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ ഇരുപത് രാജ്യങ്ങളുമായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ വാക്‌സിന്‍ താങ്ങാവുന്നതും ലോകമെമ്പാടുമുള്ള ഉല്‍പാദന പങ്കാളികള്‍ക്ക് ലഭ്യവുമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആര്‍ഡിഎഫ് മേധാവി കൂട്ടിച്ചേര്‍ത്തു.

അതേസമയം വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലോകം ആവശ്യപ്പെട്ടിട്ടും റഷ്യ ഇതിനകം തന്നെ കോവിഡ് -19 നുള്ള പുതിയ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മൂന്നാം ഘട്ടം എന്നറിയപ്പെടുന്ന ആയിരക്കണക്കിന് പങ്കാളികള്‍ ഉള്‍പ്പെടുന്ന പരീക്ഷണങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ അംഗീകാരം ലഭിക്കുന്നത്.

എന്നാല്‍ ‘വാക്‌സിന്‍ സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ദിമിത്രീവ് പറഞ്ഞു. എന്റെ 90 വയസ്സുള്ള മാതാപിതാക്കള്‍ ഉള്‍പ്പെടെ എന്റെ മുഴുവന്‍ കുടുംബത്തെയും എന്നെയും കുത്തിവയ്‌പെടുത്തിട്ടുണ്ട്. റഷ്യയില്‍ 40 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി വാക്‌സിന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതിനാല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ൂന്ന് മാസത്തിനുള്ളില്‍ ലോകമെമ്പാടും 2-3 ലക്ഷത്തിലധികം ആളുകള്‍ക്ക് സ്പുട്നിക് വി ഉപയോഗിച്ച് വാക്‌സിനേഷന്‍ നല്‍കിയാല്‍ ഫലപ്രാപ്തി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button