മുംബൈ: കൊവിഡ് രോഗം ഭേദപ്പെട്ടവരുടെ കാലുകളില്‍ ഗുരുതരമായ തരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം ഉണ്ടാകുന്നതായി റിപ്പോർട്ട്. ഇത് ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കാലു നീക്കം ചെയ്യേണ്ടി വന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലായ് 16ന് കുര്‍ളയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഐ.സി.യുവില്‍ ജോലി ചെയ്യുന്ന ഡോ. രോഹിത് ജയിന് രോഗം ബാധിച്ചിരുന്നു. ഇതിന് ആറ് ദിവസത്തിന് ശേഷം ഇദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് കാലുകളിൽ വേദന അനുഭവപ്പെട്ടു. കാലുകളിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ധമനികളില്‍ രക്തം കട്ട പിടിച്ച അവസ്ഥയായിരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ ഇരുകാലുകളും മുറിച്ചു നീക്കേണ്ടി വരുമായിരുന്നെന്നും ഇദ്ദേഹത്തെ ചികിത്സിച്ച ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. രാഹുല്‍ പണ്ഡിറ്റ് വ്യക്തമാക്കുന്നു.
എന്നാല്‍ അവസ്ഥ ഗുരുതരമായ ശേഷം ആശുപത്രിയിലെത്തിയാല്‍ കാലുകള്‍ മുറിച്ചു നീക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രോഗാവസ്ഥയുമായി എത്തിയ ഏഴു പേരില്‍ നാലു പേരുടെ കാലുകള്‍ മുറിച്ചു നീക്കേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് വന്നു ഭേദപ്പെട്ടെന്ന് ആന്റിബോഡി പരിശോധനയില്‍ തെളിഞ്ഞ ആറു പേര്‍ പിന്നീട് രക്തം കട്ട പിടിക്കുന്ന പ്രശ്‌നവുമായി ആശുപത്രിയിലെത്തിയതായി നായര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
Post Your Comments