കോവിഡ് എന്ന മഹാമാരിക്കിടയിലും ലോകം വെട്ടിപ്പിടിയ്ക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും ഇന്ത്യന്‍ വ്യവസായിയുമായ മുകേഷ് അംബാനി . അദ്ദേഹം നോട്ടമിട്ടിരിക്കുന്നത് ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളാണെന്നാണ് പുറത്തുവരുന്ന വിവരം.
ലോക്ഡൗണ്‍ കാലയളവില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള കമ്പനികളിലേക്ക് ഒഴുകിയെത്തിയത് 2000 കോടി ഡോളറിലേറെയാണ്. തന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്ഫോമിന്റെ 33 ശതമാനം ഓഹരി വിറ്റാണ് അദ്ദേഹം പണം സ്വരൂപിച്ചത്. ഫെയ്സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളടക്കം പല ആഗോള ഭീമന്മാരും അംബാനിയുടെ കമ്പനിയില്‍ പണം മുടക്കി പങ്കാളികളാകുകയായിരുന്നു. ഇതോടെ അടുത്ത ലക്ഷ്യം ആമസോണ്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനെയാണ്. . പല പ്രാദേശിക ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനികളെയും ഏറ്റെടുക്കുകയാണ് അംബാനി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അര്‍ബന്‍ ലാഡര്‍ എന്ന ഗൃഹോപകരണ വില്‍പ്പനക്കമ്പനി, സിവമേ (Zivame) എന്ന അടിവസ്ത്ര നിര്‍മാണ കമ്പനി, നെറ്റ്മെഡ്സ് എന്ന മരുന്നു വില്‍പ്പന കമ്പനി തുടങ്ങിയവ എല്ലാം അദ്ദേഹം വാങ്ങിക്കൂട്ടാനൊരുങ്ങുകയാണ്. തന്റെ റീട്ടെയില്‍ വില്‍പ്പനാ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിലൂടെ ആമസോണ്‍ അടക്കമുള്ള ആഗോള ഭീമന്മാരെയും പ്രാദേശിക എതിരാളികളെയും പിന്നിലാക്കാനാണ് അംബാനിയുടെ ശ്രമം.
ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിവമെ കമ്പനിക്ക് 160 ദശലക്ഷം ഡോളറാണ് അംബാനി ഇട്ടിരിക്കുന്ന വില. അര്‍ബന്‍ ലാഡറിന് 30 ദശലക്ഷം ഡോളറായിരിക്കും നല്‍കുക. നെറ്റ്മെഡ്സിന് 120 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്ന കമ്പനി പാല്‍ വിതരണ കമ്പനിയായ മില്‍ക്ബാസ്‌ക്കറ്റ് ആണത്രെ. പുതിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങിയതെ റിലയന്‍സിന്റെ ഓഹരി 1.3 ശതമാനം വര്‍ധിച്ചു. ഇത്തരം വാങ്ങിക്കൂട്ടലുകള്‍ക്ക് അംബാനി തുടക്കമിടുന്നത് 2017ലാണ്. ബ്രിട്ടിഷ് കളിപ്പാട്ട വില്‍പ്പന ശൃംഖലയായ ഹാംലെയ്സ്, മ്യൂസിക് സ്ട്രീമിങ് ആപ്പായ സാവന്‍, ലോജിസ്റ്റിക്സ ഓപ്പറേഷന്‍ നടത്തുന്ന ഗ്രാബ് എ ഗ്രബ്, ഹാപ്റ്റിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട് തുടങ്ങിയവ അതില്‍ പെടും. ഇന്ത്യന്‍ റീട്ടെയില്‍ രംഗത്തെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പല യൂണിറ്റുകളും താമസിയാതെ വാങ്ങിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments