KeralaLatest NewsNews

മക്കൾ ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ മറിച്ചുവിറ്റ് പിതാവിന്റെ മദ്യപാനം

അങ്കമാലി : മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങി നൽകിയ ഫോൺ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ സാബു(41)വിനെയാണ് അങ്കമാലി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോൺ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ ഒരു കള്ള് ഷാപ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് സാബു മൊബൈൽ ഫോണിനായി ഭാര്യയെയും മക്കളെയും ആക്രമിച്ചത്. മൂന്ന് പെൺമക്കളും ഓൺലൈൻ പഠനത്തിനായി ഉപയോഗിക്കുന്ന മൊബൈൽ തനിക്ക് നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന് വീട്ടിൽ വഴക്കുണ്ടാവുകയും ഭാര്യയെയും മക്കളെയും മർദിക്കുകയും ചെയ്തു.

ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി ഇളയമകൾ അയൽവീട്ടിലേക്ക് ഓടിപ്പോയി. ഇതോടെയാണ് അയൽക്കാർ സംഭവമറിയുന്നത്. ഇവർ സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സാബുവിന്റെ മൂന്ന് പെൺകുട്ടികളും പഠനത്തിൽ മികച്ചനിലവാരം പുലർത്തുന്നവരായതിനാൽ നാട്ടുകാരാണ് ഇവർക്ക് 15,000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങിനൽകിയത്. ഇത്തവണ പ്ലസ്ടു പാസായ മൂത്ത മകൾക്കും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകൾക്കും എല്ലാവിഷയങ്ങളിലും എപ്ലസ് ലഭിച്ചിരുന്നു. ഏഴാംക്ലാസ് വിദ്യാർഥിനിയായ ഇളയമകളും പഠനത്തിൽ മിടുക്കിയാണ്. സ്ഥിരംമദ്യപാനിയായ സാബു മദ്യപിക്കാൻ പണമില്ലാത്തതിനാൽ ഈ മൊബൈൽ ഫോൺ കൈക്കലാക്കുകയായിരുന്നു.

ഇയാൾ നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.
ബാലനിതീ വകുപ്പ് പ്രകാരമടക്കം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button