കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്ത്.
4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.
മരണത്തിനു മുന്‍പ് നാലു പേരും പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. എസിയില്‍ നിന്നുള്ള ലീക്കാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിലാണ് ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജസ്വിന്‍ (5) എന്നിവര്‍ തീപിടിത്തത്തില്‍ മരിച്ചത്.
രണ്ടുനില വീട്ടിലെ ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. കൂട്ട ആത്മഹത്യയോ അപകടമരണമോ എന്നറിയണമെങ്കില്‍ കൂടുതല്‍ പരിശോധന വേണ്ടിവരും.
ബിനീഷിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ക്ക് അറിവില്ല. മദ്യപാനമില്ലാത്തയാളാണ്. ഭാര്യയുടെ വീട്ടുകാരും സാമ്പത്തികമായി നല്ല സ്ഥിതിയിലാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യും എന്ന് കരുതുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പിതാവിന്റെ കാലം മുതല്‍ തുടങ്ങിയ ജാതിക്ക അടക്കമുള്ള മലഞ്ചരക്ക് വ്യാപാരമാണ് ബിനീഷും ചേട്ടന്‍ ബിനോയിയും നടത്തുന്നത്. അങ്കമാലി ടൗണില്‍ ഇതിനായി ഒരു കടയും ഇവര്‍ക്കുണ്ട്.
Post Your Comments