ന്യൂഡൽഹി : നീണ്ട ഇടവേള അവസാനിപ്പിച്ച് കോൺഗ്രസ് മുൻ എം.പിയും പാർട്ടിയുടെ സോഷ്യൽ മീഡിയ ഇൻ ചാർജുമായ ദിവ്യ സ്പന്ദന ട്വിറ്ററിൽ തിരിച്ചെത്തിരിക്കുകയാണ്. മൈക്രോബ്ലോഗിംഗ് സൈറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പരിഹാസരൂപേണ വിമർശിച്ചുപോന്ന ദിവ്യയുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ട്വീറ്റും കേന്ദ്ര സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ‘പി.എം കെയേഴ്‌സ് ഫണ്ടിന്’ അനുകൂലമായ സുപ്രീം കോടതിയുടെ നിലപാട് സംബന്ധിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ ട്വീറ്റാണ് ദിവ്യ ഇതിനായി തിരഞ്ഞെടുത്തത്. ഫണ്ടിന്റെ നിയമസാധുതയെ സുപ്രീം കോടതി ശരിവച്ചുവെന്നും അത് വ്യക്തവും മുഴക്കമുള്ളതുമായ സന്ദേശമാണ് നൽകുന്നതെന്നാണ് ജിതേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തിരുന്നത്.
Clear as daylight- dal mein definitely kuch kaala hai. https://t.co/dassY9a1El
— Divya Spandana/Ramya (@divyaspandana) August 18, 2020
കേന്ദ്ര മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി ‘പകൽവെളിച്ചം പോലെ വ്യക്തം – ദാൽ മേം ഡെഫിനിറ്റ്‌ലി കുച്ച് കാലാ ഹേ(‘എന്തോ കുഴപ്പമുണ്ട്’എന്ന അർത്ഥമുള്ള ഹിന്ദി പഴഞ്ചൊല്ല്)’ എന്നാണ് ദിവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദിവ്യയുടെ തിരിച്ചുവരവിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷമാണ് ദിവ്യ സ്പന്ദന ട്വിറ്ററിൽ നിന്നും പിൻവലിഞ്ഞത്. തന്റെ എല്ലാ ട്വീറ്റുകളും ‘ട്വിറ്റർ ബയോ’ പോലും ദിവ്യ അന്ന് നീക്കം ചെയ്തിരുന്നു
Post Your Comments