
ന്യൂഡല്‍ഹി • പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാസങ്ങളായി വൻ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന ഡല്‍ഹി ഷഹീൻ ബാഗ് നിവാസികളായ നിരവധി മുസ്ലിങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഞായറാഴ്ച ബി.ജെ.പി അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും മുത്തലാഖ് അവസാനിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെയും പിന്തുണച്ചുകൊണ്ട് സമുദായത്തിൽ നിന്നുള്ള നൂറിലധികം പേർ പാർട്ടിയിൽ ചേർന്നതായി ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്ത പറഞ്ഞു.
പാർട്ടിയിൽ ചേർന്നവരിൽ 50 പേർ ഷഹീൻ ബാഗിൽ നിന്നും ബാക്കിയുള്ളവർ ഒഖ്‌ല, നിസാമുദ്ദീൻ എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരാണ്. സി.എ.എയെ പിന്തുണച്ചവവരും എതിര്‍ത്തവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി ബി.ജെ.പി നേതാവ് നിഗത് അബ്ബാസ് പറഞ്ഞു.
“ഇവിടെ പ്രതിഷേധിക്കുന്ന ആളുകൾ സർക്കാരിൽ നിന്ന് ആരെങ്കിലും ഇവിടെയെത്തി ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചു. ഇന്നും ഞാന്‍ പറയുന്നു, എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ ഞാൻ അത് പാർട്ടി വേദിയിൽ ഉയർത്തും. സി.എ.എയെക്കുറിച്ചുള്ള ആശങ്കകളില്‍ ഞങ്ങള്‍ അവരോടൊപ്പം ഒരുമിച്ചിരിക്കും”- ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഉൾപ്പെട്ട സാമൂഹിക പ്രവർത്തകൻ ഷാസാദ് അലി പറഞ്ഞു,
ഈ പ്രദേശത്ത് താമസിക്കുന്ന വാസ്തുശില്പിയായ ആസിഫ് അനിസും ചേർന്നവരിൽ ഉൾപ്പെടുന്നു. “പ്രതിഷേധം ഒരിക്കലും ഒരു പാർട്ടിക്കെതിരെയല്ല, ആക്ടിനെതിരെയായിരുന്നു,”- അദ്ദേഹം പറഞ്ഞു.
സി.എ.എയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ, “ഞാൻ അതിനെ എതിർക്കുന്നില്ല, അനുകൂലിക്കുന്നുമില്ല, കാരണം അത് വന്നാലും ഇല്ലെങ്കിലും രാജ്യത്തെ ജനങ്ങളെ ബാധിക്കില്ല. ഒരു വലിയ പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ”
Post Your Comments