KeralaLatest NewsNews

യാക്കോബായക്കാര്‍ക്ക് തിരിച്ചടി : ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കം പളളി സര്‍ക്കാര്‍ ഏറ്റെടുത്തു : ബിഷപ്പുമാരേയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി

എറണാകുളം: യാക്കോബായക്കാര്‍ക്ക് തിരിച്ചടി, ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം പളളി സര്‍ക്കാര്‍ ഏറ്റെടുത്തു . ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പളളിയാണ് ഹൈക്കോടതി നിര്‍ദേശം പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ എതിര്‍ത്തു കൊണ്ട് പള്ളിയില്‍ തമ്പടിച്ചിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്ന് ബിഷപ്പുമാര്‍ അടക്കം മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്.

പളളി ഏറ്റെടുത്തു കൈമാറാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് തീരാനിരിക്കേയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. പള്ളി ഭരണം ഏറ്റെടുത്ത് ഇന്ന് റിപ്പോര്‍ട്ട് കൈമാറാന് ആണ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. പുലര്‍ച്ചെ അഞ്ച് മണിയോടെ വന്‍ സന്നാഹങ്ങളുമായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഇതിനോടകം ചോറ്റാനിക്കര മുതലുള്ള പ്രദേശത്തെ റോഡുകള്‍ പൊലീസ് അടയ്ക്കുകയും ചെയ്തിരുന്നു.

ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അകത്തു കടന്ന പൊലീസ് പ്രതിഷേധക്കാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തുനീക്കി. വിശ്വാസികള്‍ കടുത്ത പ്രതിഷേധം നടത്തിയെങ്കിലും പുലര്‍ച്ച ആറരയോടെ സ്ത്രീകളടക്കമുള്ള മുഴുവനാളുകളേയും ഒഴിപ്പിച്ചു.

മെത്രപൊലീത്തന്‍ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ പള്ളിയുടെ ഗേറ്റിന് മുന്നില്‍ ഇരുന്നു പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇതനുവദിച്ചില്ല. ഇന്ന് കോടതി കേസ് പരിഗണിക്കുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നാിരുന്നു ഇവരുടെ ആവശ്യം. ഇവരേയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പള്ളിയുടെ ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. അറസ്റ്റ് ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പളളിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.വിധി നടപ്പാക്കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ കഴിയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആരാഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചും പള്ളി ഏറ്റെടുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button