വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദേശീയ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. നാലാഴ്ചത്തേക്കാണ് ദേശീയ തിരഞ്ഞെടുപ്പ് നീട്ടിവച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
സെപ്റ്റംബർ 19നായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് ഒക്ടോബർ 17ലേക്കാണ് മാറ്റിയിരിക്കുന്നത്. 102 ദിവസത്തിന് ശേഷം കഴിഞ്ഞാഴ്ച, ന്യൂസിലൻഡിൽ ആദ്യമായി കോവിഡ് സമ്പർക്ക രോഗികളെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യം ഉന്നയിച്ചിരുന്നു. ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു വീട്ടിലെ നാല് പേരിൽ തുടങ്ങിയ രോഗം ഇപ്പോൾ സമ്പർക്കത്തിലൂടെ ബാധിച്ചിരിക്കുന്നത് ആകെ 58 പേർക്കാണ്. ഓക്ക്‌ലൻഡ് ഇപ്പോൾ ലോക്ക്ഡൗണിലാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.ലോകത്തെ ആദ്യ കൊവിഡ് മുക്ത രാഷ്ട്രമായി പ്രഖ്യാപിച്ച ന്യൂസിലൻഡിലെ ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും കൊവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നിലവിൽ ആകെ 1,631 പേരാണ് ന്യൂസിലൻഡിൽ രോഗബാധിതരായുള്ളത്. 22 ആണ് മരണസംഖ്യ.
Post Your Comments