2021 മൂൺ ടു മാർസ് ഐസ്, പ്രോസ്പെക്റ്റിംഗ് ചലഞ്ച് പദ്ധതിയിലേക്ക് യുവാക്കളെ ക്ഷണിച്ച് നാസ. ചന്ദ്രനിലും ചൊവ്വയിലും പോയി വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ സർവകലാശാലാ തലത്തിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെയാണ് നാസ ക്ഷണിച്ചിരിക്കുന്നത്.
ബഹിരാകാശ ദൗത്യങ്ങളിൽ ജലത്തിന്റെ പങ്ക് അത്യന്താപേക്ഷിതമാണ്. കുടിക്കാനും ചെടികൾ വളർത്താനും തുടങ്ങി റോക്കറ്റ് പ്രൊപ്പല്ലന്റ് ഉണ്ടാക്കുന്നതിന് വരെ വെള്ളം ആവശ്യമാണ്. എന്നാൽ ബഹിരാകാശ പദ്ധതികൾക്ക് ഭൂമിയിൽ നിന്നും വെള്ളം കൊണ്ടുപോകുന്നത് ചെലവേറിയതാണ്. ബഹിരാകാശത്ത് കരുതിയിരുന്നതിനേക്കാൾ കൂടുതൽ ജല സമ്പത്തുമുണ്ട്. വാട്ടർ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് കണ്ടെത്തിയതായും പ്രസ്താവനയിൽ നാസ വ്യക്തമാക്കുന്നു.
ചന്ദ്രനിലും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും മനുഷ്യൻ നടത്തുന്ന പര്യവേഷണത്തിൽ സുപ്രധാന ചുവടുവെയ്പ്പായിരിക്കും പുതിയ പദ്ധതിയെന്നാണ് നാസ വിശേഷിപ്പിക്കുന്നത്. പദ്ധതിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ, 2020 നവംബർ 24 നുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കി അയക്കാം.
പത്ത് ടീമുകളേയാണ് തിരഞ്ഞെടുക്കുക. ടീമിലെ ഓരോ അംഗങ്ങൾക്കും തങ്ങളുടെ പദ്ധതി ആവിഷ്കരിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി പതിനായിരം ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 7.5 ലക്ഷം രൂപ. ഭാവിയിൽ ബഹിരാകാശ പര്യവേക്ഷണത്തിന് സഹായകരമാകുന്ന സാങ്കേതിക വിദ്യകൾ കണ്ടെത്താൻ സമർത്ഥരായവരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നാസ പറയുന്നു.
Post Your Comments