മലപ്പുറം: അധ്യാപികയായ മാതാവ് പനി ബാധിച്ച് കിടപ്പിലായതോടെ ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചറായി ഒന്നാം ക്ലാസുകാരി. വണ്ടൂര്‍ സബ് ജില്ലയിലെ കാളികാവ് അമ്പലക്കടവ് എ എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ ദിയ ഫാത്തിമയാണ് സാരിയുടുത്ത് കുഞ്ഞുടീച്ചറായത്. മാതാവ് നുസ്രത്ത് ഇതേ വിദ്യാലയത്തിലെ അധ്യാപികയാണ്. പനി ബാധിച്ച് മാതാവ് കിടപ്പിലായപ്പോള്‍ ദിയ ഫാത്തിമ അധ്യാപികയുടെ വേഷം അണിഞ്ഞ് ക്യാമറക്ക് മുന്നിലെത്തി.ഒന്നാം ക്ലാസുകാരിയുടെ ക്ലാസ് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിട്ടുണ്ട്.
പുതിയ അധ്യാപികയെ കാണുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന അതിശയോക്തി തന്നെയാണ് ഫാത്തിമ ആദ്യമായി ചര്‍ച്ചക്കെടുത്തത്. ”എന്താ എല്ലാവരും എന്നെ തന്നെ നോക്കുന്നത്, ഓ അതല്ലെ നിങ്ങളുടെ ടീച്ചര്‍ക്ക് ഇന്ന് ക്ലാസെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഞാന്‍ എത്തിയത്”. തുടര്‍ന്ന് കുട്ടികളുടെ കൗതുകം മാറ്റി ഒന്നു മുതല്‍ അഞ്ചു വരെ എണ്ണാന്‍ പഠിപ്പിച്ചു. ഇംഗ്ലീഷിലും പറഞ്ഞും പറയിപ്പിച്ചും അവള്‍ കുട്ടികളുടെ മനം കവര്‍ന്നു അമ്പലക്കടവിലെ താഹിര്‍-നുസ്രത് ദമ്പതികളുടെ മകളാണ് ദിയ ഫാത്തിമ.
Post Your Comments